ഭാര്യക്ക് 82 വയസ്സ് ; വിവാഹമോചനം നൽകില്ലെന്ന് 89 കാരനോട് കോടതി

വിവാഹവും വിവാഹ മോചനവും ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടി വിവാഹമോചനം നേടുന്നവരാണ് മിക്കവരും. ഒരുമിച്ച് പോകാൻ കഴിയില്ല എന്ന ചിന്ത വരുമ്പോൾ തന്നെ ബന്ധം വേർപിരിയാനും വക്കീലിന്റെ അടുത്ത് പോകാനുമെല്ലാം ഇന്ന് ആർക്കും ഒരു മടിയുമില്ല എന്നതാണ് സത്യം.

പതിവിൽ നിന്നും വ്യത്യസ്തമായി ഇവിടെ അറുപത് വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാൻ 27 വർഷമായി കോടതി കയറി ഇറങ്ങുകയാണ് ഒരു 89 വയസ്സുകാരൻ. അവസാന പ്രതീക്ഷയായിരുന്ന സുപ്രീംകോടതിയും അദ്ദേഹത്തെ കൈവിട്ടിരിക്കുന്നു. ഭാര്യക്ക് പ്രായം കൂടിയതാണ് ഇവിടുത്തെ പ്രശ്നമായി മാറിയിട്ടുള്ളത്.

വിവാഹ മോചനം അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ഭാര്യയുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.നിർമൽ സിം​ഗ്​ പനേസർ എന്ന ആളാണ് വിവാഹമോചനം തേടിനടന്ന് ഇപ്പോൾ 89 കാരനായിരിക്കുന്നത്.

1963ൽ ആണ് നിർമൽ സിം​ഗ് വിവാഹിതനാവുന്നത്. എന്നാൽ 1984 മുതൽ പ്രശ്നങ്ങൾ തുടങ്ങി. ഇന്ത്യൻ വ്യോമ സേനയിലെ ഉ​ദ്യോ​ഗസ്ഥനായിരുന്നു അദ്ദേഹം. 1984 ൽ ആയിരുന്നു അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടുന്നത്. പക്ഷേ ഭാര്യ കൂടെ പോകാൻ സമ്മതിച്ചില്ല എന്ന് പറയുന്നു.

1996 ൽ ആണ് അദ്ദേഹം വിവാഹമോചനം തേടുന്നത്. വിവിധ കാരണങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരി​ഗണിച്ച് 2000ൽ വിവാഹ മോചനം അനുവദിച്ചതാണ്. എന്നാൽ ഭാര്യ അപ്പീൽ നൽകിയതിന് പിന്നാലെ വിവാഹ മോചനം റദ്ദായി.നിർമൽ സിങിന്റെ ഭാര്യ പരംജിത് കൗറിന് ഇപ്പോൾ 82 വയസ്സാണ്.

അങ്ങനെ പല കോടതികൾ കയറി സുപ്രീംകോടതിയിലെത്തി, അപ്പോഴേക്കും 20 വർഷത്തോളം കാലം ആവുകയും ചെയ്തു. സുപ്രീംകോടതിയും വിവാഹ മോചനം നിരസിക്കുകയായിരുന്നു,

വിവാഹ മോചിതയെന്ന അനിശ്ചിതത്വം അനുഭവിക്കുന്ന അവസ്ഥയിൽ മരിക്കേണ്ട അവസ്ഥ വരുരുത് എന്ന് ആഗ്രഹിക്കുന്ന പരംജിത് കൗറിനോടുള്ള അനീതിയാവും വിവാഹ മോചനമെന്ന് കോടതി പറയുന്നു. ഇത്രയും പ്രായമായി നിൽക്കുന്ന സമയത്തെ വിവാഹ മോചനം ആർക്കും ഗുണകരമാവില്ല എന്നാണ് പറയുന്നത്.

ഭർത്താവിന്റെ വാർധക്യ കാലത്ത് ഭർത്താവിനെ പരിചരിക്കാൻ തയ്യാറാണെന്ന് പരംജിത് കോടതിയെ അറിയിച്ചിട്ടുണ്ട്. ദമ്പതികൾക്ക് 3 മക്കളുണ്ട്.പ്രായമേറിയാൽ ഇനി വിവാഹ മോചനവും കിട്ടില്ല എന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *