അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടു ; മന്ത്രി കെ.ടി. ജലീലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം : എയ്ഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടുവെന്ന് കാണിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ പരാതി. തുമ്പ സെന്റ്. സേവ്യേഴ്സ് കോളേജിലെ അദ്ധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശം നല്‍കിയത് ചട്ടലംഘനമാണെന്നാണ് ആരോപണം. നേരത്തെ സര്‍വ്വകലാശാല തന്നെ നിരസിച്ച അപേക്ഷയ്ക്കായി വീണ്ടും ഇടപെട്ടതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

ഒരു പഠനവിഭാഗത്തില്‍ നിയമിച്ച അദ്ധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ, ഇത് മറികടക്കാന്‍ മന്ത്രി തന്നെ ഇടപെട്ട് യോഗം വിളിച്ച് സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് പരാതി. തുമ്പ സെന്റ്. സേവ്യേഴ്സ് കോളേജില്‍ ലാറ്റിന്‍ പഠനവിഭാഗത്തില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതില്‍ ഉചിതമായ നടപടി സ്വീകരിക്കാനാണ് കേരള സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപേക്ഷകനായ അദ്ധ്യാപകന്‍ ഫാ. വി.വൈ. ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് സര്‍വ്വകലാശാല, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി 7-ിന് മന്ത്രിയുടെ ചേംബറില്‍ വിളിച്ചുകൂട്ടിയത്. നേരത്തെ ഈ അപേക്ഷ സര്‍വ്വകലാശാല നിരസിച്ചിരുന്നു. സര്‍വ്വകലാശാല ചട്ടവും ഇത്തരത്തില്‍ പഠനവിഭാഗം മാറ്റുന്നതിന് എതിരാണ്. മാനേജ്മെന്റ് നല്‍കിയ അപേക്ഷയില്‍ നേരിട്ട് യോഗം വിളിച്ച് മന്ത്രി ഇടപെട്ടതോടെ ഈ കാര്യം ബുധനാഴ്ച ചേരുന്ന സിന്‍ഡികേറ്റിന്റെ അജണ്ടയില്‍ വരും.

ലാറ്റിന്‍ വിഭാഗത്തില്‍ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിന്‍സിപ്പലായതോടെ ലാറ്റിന്‍ ഭാഷ പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠനവകുപ്പ് മാറ്റാന്‍ ശ്രമിച്ചത്. ലാറ്റിന്‍ വിഭാഗത്തില്‍ സ്ഥിര അദ്ധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയുള്ള പരിഹാരം. മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം അദ്ധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ ഇത് കീഴ്വഴക്കമായി മാറുമെന്നും, സെലക്ഷന്‍ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും പരാതിയില്‍ പറയുന്നു. ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയോ അദ്ധ്യാപകന്റെയോ പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *