പട്ടം തോട് ശുചീകരണം തേക്കുമ്മൂട് ബണ്ട് പ്രദേശത്തെ പ്രവൃത്തി പുരോഗമിക്കുന്നു


തിരുവനന്തപുരം : അതി തീവ്ര വേനല്‍ മഴയെത്തുടര്‍ന്ന് വെള്ളം കയറിയ തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ബാര്‍ജ്ജ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് നേരിട്ട് വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നു 4 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പട്ടം തോടിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ശുചീകരണം നടത്തുന്നത്.

പട്ടം തോട്, ഉള്ളൂര്‍ തോട് എന്നിവയുടെ ശുചീകരണ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇത്തവണത്തെ മഴയില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വെള്ളക്കെട്ട് കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ അതി തീവ്ര മഴയുണ്ടായ ദിവസം തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് വെള്ളം കയറിയിരുന്നു. ഈ മേഖലയില്‍ തോടിലേക്ക് ശുചീകരണത്തിനുള്ള യന്ത്ര സാമഗ്രികള്‍ ഇറക്കാനുള്ള സൌകര്യക്കുറവ് കാരണം മണ്ണും മാലിന്യവും പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന ഇറിഗേഷന്‍ ഉദ്ദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഈ പ്രദേശത്ത് തോടിന്റെ സംരക്ഷണ ഭിത്തി ഇടിച്ച് യന്ത്രങ്ങളിറക്കി ശുചീകരണം നടത്തിയ ശേഷം സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിന് എം.എല്‍.എ വി.കെ പ്രശാന്ത് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ജ്ജ് ഇറക്കി ശുചീകരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *