മുഖ്യമന്ത്രിയുടേത് അന്തസ്സുള്ള രാഷ്ട്രീയം;എ. കെ ബാലൻ

സോളർ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലർന്നു കിടന്നു തുപ്പുന്നതു പോലെയെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. പല കോൺഗ്രസ് നേതാക്കളും തലയിൽ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാർ കേസുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന പ്രമേയത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞിട്ടുണ്ട്. ഇതിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ പരാതി നൽകൂ എന്ന് യുഡിഎഫുകാരോട് അദ്ദേഹം പറഞ്ഞു. പരാതി എഴുതി തന്നാൽ നിയമപരമായ അതു പരിശോധിക്കും എന്നു പറഞ്ഞ് ഈ പ്രമേയം തള്ളണമെന്നു സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദം എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ. അദ്ദേഹം ഒന്നു ശാന്തമായി ഉറങ്ങാൻ പോലും ഇവര് സമ്മതിക്കില്ലല്ലോ. എന്തു ക്രൂരതയാണ് ആ മനുഷ്യനോട് ഇവർ ചെയ്യുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.

പിന്നെ മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി വേഷം കെട്ടിയ പലരുമുണ്ട്. അക്കാര്യത്തിലേക്കൊന്നും ഞാനിപ്പോൾ കടക്കുന്നില്ല. തിരുവഞ്ചൂരിനെതിരായി കെ.സി.ജോസഫും കെ.സി.ജോസഫിനെതിരായി തിരുവഞ്ചൂരും പറഞ്ഞ കാര്യം ഒരുമിച്ച് പൊതുസമൂഹത്തിൽ കൊണ്ടുവരുന്നതിനുള്ള ഇടപെടൽ നിങ്ങൾ ഒന്നു നടത്തണം. എന്നാൽ നമുക്കിത് എന്നന്നേക്കുമായി അങ്ങ് അവസാനിപ്പിക്കാം. ഇനി ഇത് തുടരാൻ അനുവദിക്കല്ല.

ഇതിൽ ഞങ്ങൾ‌ക്ക് ഒരു പേടിയുമില്ല. കാരണം സിബിഐയുടെ റിപ്പോർട്ടിൽ ഒരു സ്ഥലത്തും സിപിഎമ്മിനെ കുറിച്ച് പറയുന്നില്ല. ഗൂഢാലോചനയുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പേരിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ പറ്റൂ. ആ തുടർ നടപടികൾ എന്തായിരിക്കണമെന്ന് അതിൽ പറയുന്നില്ല. ഇതിനെ കുറിച്ച് ഇവര്‍ പറയുന്നത് ഇപ്പോൾ ഒരു അന്വേഷണവും വേണ്ട എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *