മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ജയിലില്‍ പോവേണ്ടിവരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ കലക്ടറേറ്റിന് മുന്നില്‍ ബിജെപി നടത്തിയ മഹിളാധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശോഭ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ വനിതകള്‍ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, വനിതകളൊന്നും നിയമസഭയുടെ അകത്തേക്ക് വരേണ്ടെന്നാണ് തീരുമാനിച്ചത്. മകള്‍ വീണയോട് ‘മകളേ, നിന്നെ ഞാന്‍ സ്വര്‍ണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. അമ്മത്തൊട്ടില്‍’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ ‘അച്ഛന്‍തൊട്ടില്‍’ സംവിധാനം നടപ്പിലാക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെണ്‍കുട്ടികള്‍ തെരുവില്‍ പൊലീസിന്റെ തല്ലുവാങ്ങുമ്‌ബോള്‍ വീണയെ രാജകുമാരിയായി വളര്‍ത്തി. ആരും മകളെ തൊട്ടുകളിക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുകയാണ്. സ്വപ്‌നയ്ക്ക് ശിക്ഷ നല്‍കുമ്‌ബോള്‍ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകന്‍ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാല്‍, കഴിവും പ്രാപ്തിയുമുള്ള മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയില്‍ താന്‍ തീരുമാനിക്കുന്നവര്‍ മതിയെന്നാണ്,’ ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 
                                            