ജി 20 ഉച്ചകോടിയിൽ ചെമ്പാവരി ചോറും ചക്ക വിഭവങ്ങളും

ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിന്റെ ഭാഗമായി ചെമ്പാവരി ചോറും ചക്ക വിഭവങ്ങളും.

തനത് ഇന്ത്യൻ സസ്യാഹാര വിഭവങ്ങളാണ് മെനുവിൽ ഒരുക്കിയത്. തിന കൊണ്ടുള്ള വിഭവവും തൈരും ചമ്മന്തിയും ആണ് സ്റ്റാർട്ടറായി നൽകിയത്. മെയിൻ കോഴ്സ് ചക്ക കൊണ്ടുള്ള ഗാലറ്റും കാട്ട് കൂണും, തിനയും വേപ്പിലയിട്ട ചെമ്പാവരി ചോറും ആയിരുന്നു. മുംബൈ പാവ്, സവാളയുടെ സ്വാദുള്ള ബൺ, ഏലക്ക ചേർത്ത ബക്കർഖാനി എന്നിവയും വിളമ്പി.

കുടിക്കുവാനായി കാശ്മീരി കാവയും ഫിൽറ്റർ കോഫിയും ഡാർജിലിംഗ് ചായയുമായിരുന്നു നൽകിയത്. ഭക്ഷണം അവസാനിച്ചപ്പോൾ ചോക്ലേറ്റ് രുചിയുള്ള പാനും നൽകിയിരുന്നു. മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര സഹമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിങ്ങനെ 170 പേർക്കാണ് രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ ക്ഷണം ഉണ്ടായത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിൻ, മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നിവരും വിരുന്നിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *