എഐയുടെ വരവോടെ സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് നടക്കുന്നത്. അതിന്റെ ഗുണങ്ങളെക്കാള്‍ ഭയക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ അനന്തരഫലങ്ങളാണ്. കഴിഞ്ഞദിവസങ്ങളില്‍ എഐ സാങ്കതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഡീപ് ഫേക്ക് സാങ്കേതികവിദ്യയില്‍ ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്റെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചുള്ള മലയാളം വേര്‍ഷന്‍ ആയിരുന്നു വൈറലായത്. എന്നാല്‍ വീഡിയോ വൈറലായത് സന്തോഷിപ്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് സ്രഷ്ടാവ് ടോം ആന്റണി പറയുന്നു.
‘വവ്വാല്‍ മനുഷ്യന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടോം തന്റെ ആശങ്ക അറിയിച്ചത്. മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട് എന്നും ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്തതില്‍ താന്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നും ടോം പറഞ്ഞു.
താന്‍ നിര്‍മ്മിച്ച വീഡിയോ മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായതെന്നും അത് തനിക്ക് നിയന്ത്രിക്കാന്‍ പോലുമായില്ലെന്നും ടോം പറഞ്ഞു. എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എങ്ങനെയുണ്ടാക്കി എന്നു മാത്രമായിരുന്നു. ഈ ചോദ്യമാണ് ഭയപ്പെടുത്തുന്നതെന്ന് ടോം പറഞ്ഞു.
ഈ വിഡിയോ ഉണ്ടാക്കിയത് എഐയുടെ ചെറിയൊരു ആപ്ലിക്കേഷന്‍ വഴിയാണ്. ഇത് പുതിയ ടെക്‌നോളജിയല്ല. അഞ്ചു വര്‍ഷം മുന്‍പ് ഇറങ്ങയിതാണ്. ആളുകള്‍ ഇപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നത്. ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കുവേണേലും ഇത്തരത്തിലുള്ള വീഡിയോ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ടോം വീഡിയോയില്‍ പറയുന്നു. വേറെ ഒരാളുടെ മുഖം വച്ച് അയാളുടെ അനുവാദമില്ലാതെ ഇനി വിഡിയോ നിര്‍മിക്കില്ലെന്ന് ടോം ആന്റണി വ്യക്തമാക്കി.
ഒരു വ്യക്തിയുടെ വിഡിയോകളോ ഓഡിയോ റെക്കോര്‍ഡിങുകളോ സൃഷ്ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീന്‍ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഡീപ് ഫേക്ക്. നിരവധി സാധ്യതകളുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗങ്ങള്‍ക്കും കാരണമാകും. നിലവിലെ സാഹചര്യത്തില്‍ ഡീപ് ഫേക്കുകള്‍ നിരീക്ഷിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കും. പക്ഷേ എഐയുടെ കഴിവുകളുടെ സാധ്യതകള്‍ ഇത്തരം കുറവുകളെ ഭാവിയില്‍ പരിഹരിച്ചേക്കാം.

 
                                            