കോഴിക്കോട്: കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎജിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 13 വകുപ്പുകളിലായി നികുതിയിനത്തിൽ 7500 കോടി രൂപ മുതലാളിമാരെല്ലാവരും അടക്കേണ്ട തുകയാണ്. നികുതി വെട്ടിക്കുന്ന ഈ കോടീശ്വരന്മാരിൽ നിന്ന് നികുതി പിരിച്ചെടുക്കുന്നതിന് പകരം പാവപ്പെട്ടവന്റെ ചുമലിൽ അധികനികുതിഭാരം അടിച്ചേൽപിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സിഎജി പുറത്തുവിട്ട 7500 കോടിയുടെ നികുതി കുടിശ്ശിക എന്തുകൊണ്ട്
പിരിച്ചെടുക്കുന്നില്ലെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
