BJP യുമായി സഖ്യത്തിനില്ല ; നിലപാട് കടുപ്പിച്ച് ഒമർ അബ്ദുല്ല

ബിജെപിക്കൊപ്പമുള്ള സഖ്യ സാധ്യതകൾ തള്ളി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. തങ്ങളുടെ രാഷ്ട്രീയ ചിന്തകൾ വേറിട്ടതാണെന്നും ബിജെപിക്കൊപ്പം ചേരാനുള്ള പദ്ധതികൾ ഇല്ലെന്നും ഒമർ അബ്‌ദുല്ല വ്യക്തമാക്കി. ജമ്മു കാശ്മീർ നിയമസഭയിലെ ആദ്യ ബജറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിയുമായുള്ള സഖ്യത്തിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. അതിനുള്ള സാധ്യതകളുമില്ല. ജമ്മു കശ്മീരിന്റെ ചിന്തകൾ തികച്ചും വേറിട്ടതാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ചകൾ നടത്തും.’ ഒമർ അബ്ദുല്ല പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും പ്രധാന ക്ഷേമ സംരംഭങ്ങൾക്കും പിന്നിലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.“വിഭജിക്കപ്പെടാത്ത ഇന്ത്യയിലാണ് മൻമോഹൻ സിങ് ജനിച്ചത്. ഓക്സ്ഫോർഡിലും കേംബ്രിജിലും പഠിച്ചു. ഒരു ഓഫീസറായി തുടങ്ങി ശേഷം ധനമന്ത്രിയായി പിന്നീട് പ്രധാനമന്ത്രിയായി. അദ്ദേഹം ധനമന്ത്രിയായപ്പോൾ നമ്മുടെ രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. ഇന്ന് നമ്മൾ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ്. ലൈസൻസ് രാജ് നിർത്തലാക്കിയതോടെ സ്വകാര്യ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം ഇന്ദിര ആവാസ് യോജന, എംജിഎൻആർഇജിഎ തുടങ്ങിയ മുൻകൈകൾ അദ്ദേഹം സ്വീകരിച്ചു.”ഒമർ അബ്ദുള്ള പറഞ്ഞു.
മൻമോഹൻ സിങ്ങിന്റെ കാലത്ത് ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ച് ഒമർ സംസാരിച്ചു. തൊഴിൽ മേഖലകൾ വികസിപ്പിക്കുകയും കാശ്മീരി പണ്ഡിറ്റുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും അവർ കശ്മീരിലേക്ക് തിരിച്ചു പോകുകയും ചെയ്‌തു. ജമ്മു-ശ്രീനഗർ ദേശീയ പാത ആരംഭിച്ചതും ബനിഹാളിലേക്കുള്ള ട്രെയിൻ നിർമാണം തുടങ്ങിവച്ചതും അദ്ദേഹമാണ്. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫും മൻമോഹൻ സിങ്ങും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *