വന്‍ബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയില്‍; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവല്‍

ലണ്ടന്‍: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ ഉടമയും ‘DhoniAPP’യുടെ സ്ഥാപകനുമാണ് സുഭാഷ്.

ഗംഭീരമായ വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സിഗ്‌നേച്ചര്‍ നിറമായ നീലയിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX, റോള്‍സ് റോയ്‌സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരവും സംഘവും ലണ്ടനിലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചത്. ഏതാനും ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം ഈ വാരാന്ത്യത്തോടെ അദ്ദേഹം ചിത്രീകരണത്തില്‍ പങ്കുചേരും.

യുകെയില്‍ എത്തിയതിന് പിന്നാലെ ഒരു സൗഹൃദ സംഗമത്തിനും ലണ്ടന്‍ വേദിയായി. നിര്‍മ്മാതാവ് അഡ്വ. സുഭാഷ് ജോര്‍ജ് മാനുവലിന്റെ ജന്മദിനം മമ്മൂട്ടിയുടെ ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ആഘോഷിച്ചു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ചു.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും കഴിഞ്ഞയാഴ്ച തന്നെ യുകെയില്‍ എത്തിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുകളില്‍ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്.

നൂറ് കോടിയിലധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. പേട്രിയറ്റ് മലയാള സിനിമയ്ക്ക് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമാ ലോകം.

Leave a Reply

Your email address will not be published. Required fields are marked *