ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷന്‍ കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി രണ്ട് മാസത്തേക്കാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ കൊച്ചിയിലെ പ്രത്യേക ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കര്‍ കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജിയുമായി എത്തിയത്.

യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ശിവശങ്കറിനെതിരെയുളള ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്‌ന സുരേഷിന്റെ ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിനെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി കുറച്ചു മാസം മുന്‍പ് ചോദിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടാണ് ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ സ്വപ്‌നയുടെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷമയാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശംമുണ്ടായത്.

അഴിമതിയില്‍ സ്വപ്‌നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമുണ്ട്. ഇതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാല്‍ പ്രതി തന്റെ സ്വാധീനം ഉപയോഗിച്ചു തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു അറസ്റ്റിലായി പുറത്തിറങ്ങിയ ശേഷവും ശിവശങ്കര്‍ ഉന്നത സ്ഥാനങ്ങളിലേക്കു തിരിച്ചെത്തി. ഇത് സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *