മലപ്പുറം : കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘തിരികെ സ്‌കൂളില്‍’ പദ്ധതി മലപ്പുറം നഗരസഭയില്‍ സിഡിഎസ് രണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഡിസംബര്‍ 10 വരെ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. സംഘ ശക്തി, ആശയങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം, ജീവിത ഭദ്രത , ഡിജിറ്റല്‍ കാലം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭയിലെ 212 അയല്‍ക്കൂട്ടങ്ങളിലെ 3500 ലെറെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഒന്നാം ബാച്ച് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പ്രവേശനോത്സവം നടന്നു. അസംബ്ലിയോടെ ആരംഭിച്ച പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം ഫഌഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുചിത്വ പ്രതിജ്ഞ അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തു. ശൈശവ വിവാഹ പ്രതിജ്ഞ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ ചൊല്ലിക്കൊടുത്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജൂമൈല പി പി , വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല, ബ്ലോക്ക് കോ. ഓര്‍ഡിനേറ്റര്‍ അഭിജിത്ത് മാരാര്‍, തിരകെ സ്‌കൂള്‍ ആര്‍ പി മാര്‍, സിഡിഎസ് ഭരണ സമിതി അംഗങ്ങള്‍, അയല്‍ക്കൂട്ട പഠിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 
                                            