ഏഷ്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മ്മാണ പ്ലാന്റ് ; ഹോംകോയുടെ പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്ത് തോമസ് ഐസക്ക്

ഹോംകോയുടെ പുതിയ ഫാക്ടറി കെട്ടിടം ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. യന്ത്രങ്ങള്‍ ഉള്‍പ്പെടെ 52 കോടി രൂപയാണ് ഫാക്ടറിയുടെ മൊത്തം നിക്ഷേപം. യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാകാന്‍ കോവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം മൂലം കാലതാമസം നേരിട്ടിരുന്നു.

പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മ്മാണ പ്ലാന്റ് ആയിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. ഹോംകോയെക്കാള്‍ വലിയ കമ്പനികള്‍ ഏറെ ഉണ്ടാകും. പക്ഷെ ഇതുപോലൊരു കേന്ദ്രീകൃത പ്ലാന്റ് വേറെ ഉണ്ടാകില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ഇപ്പോഴത്തെ കപ്പാസിറ്റി വെച്ച് കേരളത്തിലെ പോലും ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നും, 20-30 കോടിയുടേതാണ് ഇപ്പോഴത്തെ ഉല്‍പ്പാദനമെന്നും, ഇത് പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 100 കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു.

നൂറ്റമ്പതോളം ആളുകള്‍ക്ക് പുതിയതായി ഈ ഫാക്ടറിയിലൂടെ തൊഴില്‍ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളുടെയും ഓര്‍ഡറുകളും ബൃഹത്തായ ഈ ഫാക്ടറിക്ക് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.

2010-ില്‍ പ്രഖ്യാപിക്കപ്പെട്ട ഈ ഫാക്ടറിയ്ക്ക് യുഡിഎഫ് ഭരണകാലത്ത് രണ്ടു തവണ തറക്കല്ലിട്ടതാണെങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് 2017-ില്‍ മാത്രമാണ്.

മരുന്ന് നിര്‍മ്മാണത്തിന് വേണ്ട ഉന്നത മാനദണ്ഡങ്ങള്‍ എല്ലാം പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് പുതിയ ഫാക്ടറി നിലവില്‍ വന്നിരിക്കുന്നത്. സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംകോ എന്ന സ്ഥാപനം ആരോഗ്യ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *