പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ പാളുന്നു. തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്. ആറും ഏഴും മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സന്നിധാനത്തെത്താന്‍ കഴിയാത്തത് തിരക്കുനിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത ആണെന്നാണ് പരാതി.
ഒരു ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകരെത്തിയ ശനിയാഴ്ച നടപ്പന്തലില്‍ വലിയ തിക്കും തിരക്കുമായിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ക്യൂ കാര്യമായി നീങ്ങാനായില്ല. തുടര്‍ന്ന് ഭക്തരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇടക്ക് ബാരിക്കേട് മറികടക്കാന്‍ ഭക്തര്‍ ശ്രമം നടത്തി. കഴിഞ്ഞ ദിവസം സമാനരീതിയില്‍ മരക്കൂട്ടത്തും വാക്കേറ്റമുണ്ടായിരുന്നു. ഒടുവില്‍ കേന്ദ്രസേന ഇടപെട്ടാണ് നിയന്ത്രിച്ചത്. മരക്കൂട്ടം ശരംകുത്തി വഴിയില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല എന്ന പരാതിയും ഉണ്ട്.
സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങിലും ഈ ആശയക്കുഴപ്പം വ്യക്തം. പുല്ലുമേട് വഴി എത്തിയ തീര്‍ത്ഥാടകരും കുരുക്കില്‍പ്പെട്ടു. പതിനെട്ടാം പടിക്ക് താഴെ വന്‍ തിരക്കുണ്ട്. എന്നാല്‍ ഫ്ലൈ ഓവറില്‍ ആളില്ല. ഹരിവരാസന സമയത്ത് സിവില്‍ ദര്‍ശനം അനുവദിക്കുന്നുണ്ട്. ഇതോടെ, പതിനെട്ടാംപടി കയറിവരുന്നവര്‍ക്ക് ദര്‍ശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതലയോഗത്തില്‍, തിരക്കു നിയന്ത്രണത്തിലുള്‍പ്പെടെ പുതിയ നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം.
