എ ഐ കാമറ: നടപടികള്‍ നിര്‍ത്തിവച്ച് അന്വേഷിക്കണം- കെ കെ അബ്ദുല്‍ ജബ്ബാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 232 കോടി  രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച എ ഐ കാമറകളുടെ കരാറില്‍ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഇതു സംബന്ധിച്ച ഇടപാടുകള്‍ അടിമുടി ദുരൂഹമാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ വര്‍ധിച്ച തുകയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നത് കെല്‍ട്രോണാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് കെല്‍ട്രോണ്‍ ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ആര്‍ഐടി കമ്പനിയ്ക്ക് ഉപകരാര്‍ നല്‍കി. തുടര്‍ന്ന്  എസ്ആര്‍ഐടി  തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ  ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ  കമ്പനികളുമായി  ചേര്‍ന്ന് കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കി. എസ്ആര്‍ഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലെന്നിരിക്കേ എന്തടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയത്. ഇതിനിടെ പ്രസാഡിയോ അല്‍ ഹിന്ദ് കമ്പനിയെ സമീപിച്ചെങ്കിലും സുതാര്യതയില്ലാത്തതിനാലാണ് പദ്ധതിയില്‍ നിന്ന് ഒഴിവായതെന്ന് പറയുന്നു. സര്‍ക്കാരും ഗതാഗത മന്ത്രിയും ഈ വിഷയത്തില്‍ മറുപടി പറയണം.

ജനങ്ങളെ കൊള്ളയടിച്ച് ഇടനിലക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്ന ഏജന്‍സിയായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ നടത്തിയ ഇടപാടുകളൊന്നും സുതാര്യമല്ലെന്നാണ് വ്യക്തമാകുന്നത്. എഐ കാമറ ഇടപാട് സംബന്ധിച്ച ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍  ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *