ശാഖകളിലെ ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിന്‍വലിക്കുക, ശാഖകളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ഇടപാടുകാര്‍ക്ക് തടസ്സരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴില്‍- ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴില്‍ശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭങ്ങളാരംഭിക്കുവാന്‍ ട്രാവങ്കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
കേരളത്തില്‍ ഏറ്റവും കൂടതല്‍ ശാഖകളും ബിസിനസ്സുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസും വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുവാനെന്ന പേരില്‍ ശാഖകളില്‍ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച് വിപണന ജോലിയിലേക്ക് മാറ്റുകയാണ്. തന്മൂലം ശാഖകളിലെ സേവനങ്ങള്‍ അവതാളത്തിലാകും. 1200 ലധികം ക്ലര്‍ക്കുമാരുടെ സേവനം ശാഖകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നതോടെ, കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനം ദിന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടാതെ വരുന്ന സാഹചര്യം സംജാതമാകും എന്നാണ് ആശങ്ക. സവിശേഷമായ വിപണന ജോലികള്‍ക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ച് മാര്‍ക്കറ്റിംഗ് ജോലികള്‍ക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണ്. ഇതു മൂലം ബാങ്കുശാഖകളിലെ സേവനങ്ങള്‍ പ്രതിസന്ധിയിലാകും. ശാഖകളില്‍ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലി ഭാരം വര്‍ദ്ധിക്കുമ്പോള്‍ കാര്യക്ഷമതയെ ബാധിക്കും.
കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കുന്ന വരുമാന-ലാഭ ചോര്‍ച്ചയ്ക്ക് പ്രതിവിധിയെന്ന നിലയില്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവുചുരുക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ബാങ്കിടപാടുകാര്‍ക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടം മറിയുന്നത്.
കേരളത്തിലും ബാങ്കിന്റെ ബിസിനസിലും കസ്റ്റമര്‍ അടിത്തറയിലും ഗണ്യമായ വികാസമുണ്ട്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ബിസിനസ്സിനും ഒഴിവുകള്‍ക്കും ആനുപാതികമായി നിയമനം നടന്നിട്ടില്ല. തന്മൂലം ശാഖകളില്‍ ജീവനക്കാരുടെ രൂക്ഷമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കസ്റ്റമര്‍ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജീവനക്കാരുടെ മേല്‍ അതിയായ ജോലി ഭാരവും കടുത്ത സമ്മര്‍ദ്ദവും നിലവില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇത് കൂടുതല്‍ വഷളാക്കുന്ന സ്ഥിതിയാണ്. ബാങ്കിന്റെ വിലപ്പെട്ട ഇടപാടുകാര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നല്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെടുന്ന ഇന്നത്തെ സ്ഥിതിയില്‍, നിലവിലെ ജീവനക്കാരില്‍ ഒരു ഭാഗത്തെ ശാഖകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ തൊഴില്‍- ജീവിത സന്തുലനത്തെയും ഇടപാടുകാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തില്‍ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന -പരിഷ്‌കാരത്തില്‍ നിന്ന് ബാങ്ക് ഉടന്‍ പിന്‍മാറണമെന്ന് അസോസിയേഷന്‍ ശക്തമായി ആവശ്യപ്പെടുന്നു.
ഒഴിവുകള്‍ നികത്തണം
ബാങ്കുകളിലെ ഒഴിവുകള്‍ നികത്തുവാന്‍ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ അടിയന്തിരമായി നിയമിക്കണം. ശാഖകളില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവിന്റെയും പുതിയ മാര്‍ക്കറ്റിംഗ് പദ്ധതിയുടെയും മറവില്‍ കൂടുതല്‍ പുറംകരാര്‍വല്‍ക്കരണ ( ഔട്ട്‌സോഴ്‌സിംഗ്) നടപടികള്‍ക്ക് ബാങ്ക് ശ്രമിക്കുന്നു എന്നതും ആശങ്കയും ഉയര്‍ത്തുന്നു.
പ്രക്ഷോഭ പരിപാടികള്‍:
ഡിസംബര്‍ 26 ന് ബാഡ്ജ്ധാരണം, 27 ന് ലഘുലേഖാ പ്രകാശനം, 28 ന് പ്രതിഷേധ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍, 2023 ജനുവരി 3ന് തിരുവനന്തപുരം ലോക്കല്‍ ഹെഡ്ഡാഫീസിനു മുന്നില്‍ സംസ്ഥാനതല ധര്‍ണ, ജനുവരി 11ന് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ എന്നിങ്ങനെയാണ് പ്രഥമഘട്ട പ്രക്ഷോഭ പരിപാടികള്‍. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കടക്കമുള്ള സമരപരിപാടികള്‍ തീരുമാനിച്ചിട്ടുണ്ട്.
