69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ വിവാഹ സാരിയിൽ തിളങ്ങി നടി ആലിയ ഭട്ട്.ആലിയാ ഭട്ടിന്റെ സിനിമാ കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്ത്വാവാഡി എന്ന സിനിമയിലെ പ്രകടനത്തിലാണ് ആലിയ ഭട്ടിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാൻ ആലിയ ഭട്ട് എത്തിയത് വിവാഹ സാരിയിലായിരുന്നു.
വിവാഹ സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സബ്യസാചി ക്രിയേഷൻസ് ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് നിറത്തിൽ ഗോൾഡൻ എംബ്രോയ്ഡറിയുള്ള സാരി ആലിയയുടെ വിവാഹത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൺബിർ കപൂറും ആലിയക്കൊപ്പം ചടങ്ങിനെത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ആലിയയുടെ ചിത്രം പകർത്തുന്ന രൺബിറിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം വിവാഹ ദിനത്തിലെ ആഭരണങ്ങളും ഹെയർ സ്റ്റൈലിലുമല്ല ആലിയ എത്തിയത്. മൾട്ടി ലെയർ ചോക്കറും അതിന് യോജിക്കുന്ന റൗണ്ട കമ്മലുമാണ് ആലിയ തിരഞ്ഞെടുത്തത്. മുടി ബൺ സ്റ്റൈലിൽ കെട്ടിവെച്ച് മുല്ലപ്പൂവും ചൂടിയിരുന്നു. കറുപ്പ് സ്യൂട്ടിൽ കൂളിങ് ഗ്ലാസ് ധരിച്ച് കൂൾ ലുക്കിലാണ് രൺബിറെത്തിയത്.
2022 ഏപ്രിൽ 14ന് ആയിരുന്നു ആലിയയും രൺബിറും തമ്മിലുള്ള വിവാഹം. അവാർഡ് നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ആലിയ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയോടുള്ള നന്ദി റെഡ് കാർപ്പറ്റിൽ വച്ച് അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപ്പിച്ച കഥാപാത്രം തന്നാൽ ആകും വിധം അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ആലിയ പറഞ്ഞു.
1999 ൽ ബാലതാരമായി സംഘർഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. 2012 ൽ കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള പുരസ്കാരം ലഭിച്ചു.
സാമ്പത്തിക വിജയം നേടിയ അനേകം സിനിമകളിൽ ആലിയ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്റ്റേറ്റ്സ്, ഹംറ്റി ശർമ കി ദുൽഹാനിയ, കപൂർ ആന്റ് സൺസ്, ഡിയർ സിന്ദഗി, എന്നിവ ഇവയിൽ ചിലതാണ്. ഹൈവേ എന്ന ചിത്രത്തിലെ ഭാവസാന്ദ്രമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിമർശക പ്രശംസ നേടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയം മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുത്തു. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു.

 
                                            