മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കലിന്, സത്യസന്ധമായ ചില വെളിപ്പെടുത്തലുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോരായ്മകളെക്കുറിച്ചും ശസ്ത്രക്രീയാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം സംബന്ധിച്ചും ഡോ. ഹാരീസിന്റെ പരാതി പോസിറ്റീവ് ആയി കാണണം, ആ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ശസ്ത്രക്രീയാ ഉപകരണങ്ങള്‍ വാങ്ങാതെ മനപ്പൂര്‍വ്വം താമസിപ്പിച്ചവര്‍ക്കെതിരേ കര്‍ശ്ശന നടപടി സ്വീകരിക്കണം. അതാണ് ഒരു ജനകീയ ഗവണ്മെന്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
എം.പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ, രണ്ട് വര്‍ഷം മുന്‍പ് കാണാതായ ശസ്ത്ര കിയാ ഉപകരണത്തിന്റെ ഉത്തരവാദിത്തം, വകുപ്പ് മേധാവിയായി ഒരുവര്‍ഷംപോലുമാകാത്ത ഡോ. ഹാരീസിന്റെ മേല്‍ ചുമത്താനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കുത്സിത ശ്രമം, ആരോഗ്യ വകുപ്പിനേയും മന്ത്രിയേയും അപമാനിക്കാനുള്ള ആസൂത്രിതശ്രമമാണെന്ന് കരുതേണ്ടി വരും.
ഡോ. ഹാരിസ് സത്യസന്ധനാണെന്നും ഉന്നയിച്ച വസ്തുതകള്‍ പരിശോധിക്കാമെന്നും, മാറ്റി നിര്‍ത്തുകയല്ല ചേര്‍ത്തുനിര്‍ത്തുകയാണ് സര്‍ക്കാര്‍ നയമെന്നും പൊതുസമൂഹത്തിന് മുന്നില്‍ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെടണം. മന്ത്രിയുടെ ഉറപ്പിനെ ധിക്കരിച്ച് പ്രതികാര നടപടികളുമായി മുന്നോട്ട് പോകാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണം.
ആരോഗ്യമേഖലയില്‍ സമാനതകളില്ലാത്ത വികസനം കൊണ്ടുവന്ന ആരോഗ്യവകുപ്പ് സത്യത്തെ മൂടിവയ്ക്കാനല്ല, അപാകതകള്‍ പരിഹരിച്ച് പൊതുജനാരോഗ്യരംഗം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ആനന്ദകുമാര്‍ ഓര്‍മ്മിപ്പിച്ചു.

 
                                            