ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി

ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാമനായി മലയാളി നാവികൻ അഭിലാഷ് ടോമി മത്സരം ഫിനിഷ് ചെയ്തു. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.

നോർത്ത് അറ്റ്ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റർ. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിൽ അഭിലാഷ് യാത്ര തുടങ്ങിയത്.

ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പലാണു രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ സ്വീകരണമാണു സംഘാടകർ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *