നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തു.

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോളജ് സ്റ്റാഫ് കൗണ്‍സിലാണ് വിദ്യാര്‍ഥിക്കെതിരെ നടപടിയെടുത്തത്. വിഷ്ണുവിന് എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്നലെയാണ് യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി അപര്‍ണയുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചു. എന്താടോ ലോ കോളജ് അല്ലേ എന്ന് അപര്‍ണ ചോദിക്കുകയും ചെയ്തു. സംഭവത്തില്‍ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു
തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാര്‍ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയന്‍ വ്യക്തമാക്കി. സോഷ്യല്‍മീഡിയയിലൂടെയാണ് യൂണിയന്‍ ഖേദപ്രകടനം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *