കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അടൂര്‍ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. റോബിന്‍ പീറ്ററിന് വിജയസാധ്യത ഉണ്ടെന്ന എംപിയുടെ പരാമര്‍ശം തികഞ്ഞ അച്ചടക്കലംഘനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ പി. മോഹന്‍ രാജിനെ പരാജയപ്പെടുത്തിയതില്‍ അടൂര്‍ പ്രകാശിനാണ് മുഖ്യപങ്കെന്നും നേതാക്കള്‍ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കലഹം തുടങ്ങിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ രഹസ്യ പിന്തുണയോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറത്തിന്റെ നേതൃത്വത്തില്‍ അടൂര്‍ പ്രകാശിനെതിരായ നീക്കം.
പല വേദികളിലും നേതാക്കളുടെ മുന്‍പാകെ അടൂര്‍ പ്രകാശ് ഒരാളെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ശരിയല്ല. പാര്‍ട്ടി തീരുമാനത്തിനു മുന്‍പേ അത് പരസ്യപ്പെടുത്തുക വഴി അച്ചടക്ക ലംഘനമാണ് എംപി കാണിക്കുന്നത്. ഇതു സംബന്ധിച്ച് എഐസിസി നേതൃത്വത്തിനു പരാതി നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ പി. മോഹന്‍ രാജിനെ എന്‍എസ്എസ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് അവതരിപ്പിച്ചത് കോന്നിയില്‍ ഭൂരിപക്ഷ സമുദായ ഏകീകരണത്തിന് കാരണമായെന്നും നേതാക്കള്‍ പറഞ്ഞു.
റോബിന്‍ പീറ്റര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയവര്‍ക്കുള്ള അംഗീകാരമാകുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ പി. മോഹന്‍ രാജ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയ്ക്ക് ഇതു ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. അതേസമയം, ആരോപണങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനാകില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
