ജോലിയൊന്നും ശരിയാവാതെ നാട്ടില്‍ നില്‍ക്കുന്ന ചെറുപ്പകാരന്‍. ഇടക്ക് സിനിമയില്‍ ഒന്ന് രണ്ട് വേഷങ്ങള്‍ ചെയ്തുവെങ്കിലും, കൂടുതല്‍ അവസരങ്ങളൊന്നും കിട്ടാതെയായതോടെ സാധാരണക്കാരന്‍ ചിന്തിക്കാറുള്ളത് പോലെ കടല്‍ കടക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി സുഹൃത്തുക്കള്‍ വഴിയും പരിചയക്കാര്‍ വഴിയും ദുബായില്‍ ചെറിയ ജോലിക്കായി ശ്രമിച്ചു വരുന്നതിനിടെയാണ് ആ ഫോണ്‍കാള്‍ എത്തുന്നത്. മറുതലക്കല്‍ മലയാളത്തിന്റെ പ്രിയ സംവിധായകനും അഭിനേതാവുമായ ദിലീഷ് പോത്തനാണ്. എടുത്തപാടെ ഒരു ചോദ്യം. അടുത്ത ഒരു പടത്തില്‍ അസിസ്റ്റന്റ് ചെയ്യുന്നോ എന്ന്. അസിസ്റ്റ് എന്നുതന്നെയല്ലേ പറഞ്ഞത് എന്ന് ആ ചെറുപ്പകാരന്‍ ഒരിക്കല്‍ കൂടി ചോദിച്ചുമനസിലാക്കുന്നു. കൂട്ടത്തില്‍ മറ്റൊരു ചോദ്യവും, ആരുടേതാണ് പടം?. എന്റേതാണെന്ന് ദിലീഷ് പോത്തന്‍ പറയുന്നതും, തയാറാണെന്ന് നമ്മുടെ കഥാനായകന്‍ പറയുന്നതും ഏതാണ്ട് ഒരേ സമയത്ത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ മലയാളികളെ ഊറി ഊറി ചിരിപ്പിച്ച സുരേഷന്‍ കാവുംതാഴമായി എത്തിയ രാജേഷ് മാധവന്റെ സിനിമയിലേക്കുള്ള രണ്ടാമത്തെ അരങ്ങേറ്റം കൂടിയായിരുന്നു അത്.
മലയാള സിനിമ അടുത്തിടെ വരെ ശരിയായി ഉപയോഗപ്പെടുത്താതെ പോയ കാസര്‍ഗോഡില്‍ ജനിച്ചു വളര്‍ന്ന ഒരു ചെറുപ്പകാരന്‍. സിനിമ പാരമ്പര്യമോ ബന്ധങ്ങളോ ഒന്നുമില്ലാത്ത കുടുംബ പശ്ചാത്തലം. രാജേഷിന് അനുകൂലമായി ആകെ ഉണ്ടായിരുന്നത് സ്വയം മിനുക്കിയെടുത്ത അഭിനയവും, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും. മകന് അഭിനയത്തോടുള്ള ഇഷ്ടം വീട്ടുകാരും പ്രോത്സാഹിപ്പിച്ചു. അതിന് ഒരിക്കലെങ്കിലും നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കുമെന്ന് തോന്നിപ്പിച്ചു നാടക അഭിനയവുമായി രാജേഷും മുന്നോട്ടുപോയി. അങ്ങനെയിരിക്കെ പഠനമെല്ലാം കഴിഞ്ഞ് കൊച്ചിയിലേക്ക് വണ്ടികയറി. അവിടെ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു വരുമ്പോഴും സിനിമയും അഭിനയവും വല്ലാതെ വേട്ടയാടി തുടങ്ങി. അങ്ങനെ ജോലി ഉപേക്ഷിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും, തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകളും, ഷോര്‍ട് ഫിലിം അസ്സിസ്റ്റുമായി മുന്നോട്ടുപോയി.
അമൃതയില്‍ സീനിയറായിരുന്ന തിരക്കഥാകൃത്ത് രവിശങ്കര്‍ ഒരുഷോര്‍ട്ട്ഫിലിം ചെയ്തപ്പോള്‍ രാജേഷിനെയും കൂടെ കൂട്ടി. ആ ഹ്രസ്വചിത്രത്തില്‍ ഉണ്ണിമായ പ്രസാദായിരുന്ന അസോസിയേറ്റ് ഡയറക്ടര്‍. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ ശ്യാം പുഷ്‌കരനെത്തിയപ്പോള്‍ അദ്ദേഹവുമായും, അദ്ദേഹം വഴി ദിലീഷ് പോത്തനിലേക്കും സൗഹൃദം വളര്‍ന്നു. ഈ പരിചയത്തിന് പുറത്താണ് ഒരു കഥയുമായി ഇരുവരെയും കാണാന്‍ ചെല്ലുന്നത്. കഥ മുഴുവന്‍ കേട്ടുവെങ്കില്‍ അഭിപ്രായം പറയുന്നതിന് പകരം അവര്‍ക്കിടയില്‍ വന്നത് ‘ ശ്യാമേ, ഇവന് നമുക്ക് സിനിമയില്‍ ഒരു റോള്‍ കൊടുത്താലോ’ എന്ന മറ്റൊരു സംസാരമാണ്. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തില്‍ നെല്ലിക്ക ചാക്കുമായി വരുന്നയാളെ ഒരുസൈക്കിളുമായി വന്ന് ഇടിച്ചിട്ട് രാജേഷ് മാധവന്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിക്കയറുന്നത്. ‘മാറാലഹ’ എന്ന കിടുക്കാച്ചി ഡയലോഗുമായി മിന്നല്‍ മുരളിയിലെ പി.സി ടിറ്റോയായും കനകം കാമിനി കലഹത്തിലെ മനാഫ് ഖാനായുമെല്ലാം എത്തി രാജേഷ് മലയാളികളെ ചിരിപ്പിച്ചു. അഭിയത്തിനൊപ്പം തന്നെ അസിസ്റ്റന്റ് ഡയറക്ടറായും കാസ്റ്റിങ് ഡയറക്ടറായും ക്രിയേറ്റീവ് ഡയറക്ടറുമായെല്ലാം പലവിധ റോളുകളില്‍ രാജേഷ് മികച്ച സിനിമകളുടെ ഭാഗവുമായി.
ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ സുരേഷന്‍ കാവുംതാഴെത്തെ മലയാള പ്രേക്ഷകര്‍ ഏറ്റെടുത്തത് കുറച്ചൊന്നുമല്ല. സിനിമയിലെ സുരേഷനും സുമലത ടീച്ചറുമായുള്ള പ്രണയത്തിനു അത്രതന്നെ സ്വീകാര്യത ലഭിച്ചതോടെ, സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രം പ്രഖാപിക്കുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മാത്രമല്ല ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിലോടെ സംവിധായകന്റെ തൊപ്പി ഇടാനൊരുങ്ങുകയാണ് നിലവില്‍ നമ്മുടെ എല്ലാമെല്ലാമായ ‘സുരേഷേട്ടന്‍’.
