മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. മാഹി പന്തക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവമുണ്ടാകുന്നത് .മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാർ ചെന്നിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്.
നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു.അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തിയതിനെതുടർന്ന് യുവതി അക്രമസക്തമായി പെരുമാറുകയായിരുന്നു. മദ്യപിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മൊബൈൽ ഫോണ്‍ യുവതി എറിഞ്ഞുടക്കുയും മറ്റുചിലരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിൽ എടുത്തു.
