ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഒരു രാജ്യം ഒരു ഐഡി എന്നതാണ് പദ്ധതി. രക്ഷിതാക്കളുടെ അനുമതിയുടെയായിരിക്കും ഇത് നടപ്പിലാക്കുക. സ്വകാര്യ സ്കൂളുകൾക്കും സർക്കാർ സ്കൂളുകൾക്കും ഒരുപോലെ ഈ പരിഷ്കാരം ബാധകമായിരിക്കും. ഓട്ടോമാറ്റിക് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അഥവാ അപാർ എന്നാണ് പദ്ധതിയുടെ പേര്.
പൊക്കം, രക്ത ഗ്രൂപ്പ് എന്നീ അടിസ്ഥാന വിവരങ്ങൾക്കൊപ്പം വിദ്യാർത്ഥിയുടെ മുഴുവൻ വിദ്യാഭ്യാസ വിവരങ്ങളും സൂക്ഷിക്കുന്ന എജുലോക്കർ ആണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വിദ്യാർത്ഥിയുടെ ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന തിരിച്ചറിയൽ രേഖയാകും ഇത്.
സ്കൂളുകൾ വഴിയായിരിക്കും അപാറിന്റെ നടപടികൾ. സർക്കാർ ഏജൻസികൾക്ക് അല്ലാതെ വിവരങ്ങൾ എടുക്കാൻ കഴിയില്ല. ജില്ലാ ഇൻഫർമേഷൻ ഫോർ എഡ്യൂക്കേഷൻ പോർട്ടലിൽ ഈ വിവരങ്ങളെല്ലാം സൂക്ഷിക്കും. എന്നാൽ വിദ്യാർത്ഥികളുടെ ആധാർ വരിക്കേഷൻ പോലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പുതിയ ഐഡിയുടെ നടപടികൾ പൂർത്തിയാക്കുക എന്ന ആശങ്കയും സ്കൂളുകൾ ഉയർത്തുന്നുണ്ട്. ആധാറിലെ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ചാണ് കാർഡ് പ്രാഥമികമായി തയ്യാറാക്കുക എന്നാണ് വിവരം.
