ശസ്ത്രക്രിയയിലെ പിഴവ് കാരണം മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കന്നഡ നടി സ്വാതി സതീഷ്. റൂട്ട് കനാൽ ശസ്ത്രക്രിയെ തുടർന്ന് മുഖത്ത് നീരുവയ്ക്കുകയും മുഖം വൃകൃതം ആകുകയും ചെയ്തതായി നടി വ്യക്തമാക്കി.
ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്തഡോക്ടർ നടിക്ക് ഉറപ്പും നൽകി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല.
ചികിൽസ സംബന്ധിച്ച് അപൂർണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് അവർ ആരോപിച്ചു. നടി ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. എഫ്ഐആർ (തമിഴ് ചിത്രം), 6 ടു 6 (കന്നഡ ചിത്രം) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട താരം സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാൽ ചികിത്സയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും നടി പ്രതികരിച്ചു.
