ഡൽഹി: പാൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വ്യപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളുമായി എച്ച് ഡി എഫ് സി ബാങ്ക്. സന്ദേശങ്ങൾ അയച്ച് പണം തട്ടാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള പരാതികളാണ് ഉയരുന്നത്. പാൻകാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇടപാടുകാർക്ക് നൽകുന്ന ഉപദേശം.
വ്യക്തിഗത വിവരങ്ങൾ തേടി ബാങ്ക് എസ്എംഎസ് അയക്കില്ലെന്നും എച്ച്ഡിഎഫ്സി വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ തേടി ഒരു ബാങ്കും ഉപഭോക്താക്കളെ വിളിക്കില്ല. ഇ- കെവൈസി പൂർത്തിയാക്കാത്തതിനാൽ ഇടപാടുകാരന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നും പാൻ കാർഡ് നമ്പർ പുതുക്കണമെന്നും ആവശ്യപ്പെട്ട് എസ്എംഎസ് അയക്കില്ല.
വ്യക്തിഗത വിവരങ്ങൾ ആരാഞ്ഞ് വരുന്ന ലിങ്കുകൾ വ്യാജമാണെന്നും അത് തുറന്നാൽ തട്ടിപ്പിന് ഇരയാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 186161 എന്ന ഔദ്യോഗിക നമ്പറിൽ നിന്ന് മാത്രമാണ് എച്ച്ഡിഎഫ്സി ബാങ്ക് എസ്എംഎസ് അയക്കുകയുള്ളൂ. ഇതിൽ നൽകിയിരിക്കുന്ന ലിങ്ക് എച്ച്ഡിഎഫ്സിബികെ ഡോട്ട് ഐഒ എന്ന ഔദ്യോഗിക ഡൊമെയിനിൽ നിന്നായിരിക്കുമെന്നും എച്ച്ഡിഎഫ്സി അറിയിച്ചു.

 
                                            