ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ശീലങ്ങളെ മാറ്റി മറിയ്ക്കും. അതു പോലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ജീവിതത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ കാലാവസ്ഥ വ്യതിയാനം മനുഷ്യന്റെ ഉറക്കത്തെ വളരെ ആഴത്തിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
2099 ഓടെ ഉറക്കത്തിന് നാം എടുക്കുന്ന സമയത്തിൽ വർഷം തോറും 60 മണിക്കൂറിന്റെ വരെ കുറവുണ്ടാവും. താപനിലയിലുണ്ടാവുന്ന മാറ്റങ്ങളാണ് ഉറക്ക ശീലത്തെ ബാധിക്കുക. ആക്സിലറോമീറ്റർ അടിസ്ഥാനമാക്കിയുള്ള സ്ലീപ്പ് ട്രാക്കിംഗ് റിസ്റ്റ്ബാൻഡുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതിനായി 68 രാജ്യങ്ങളിലായി 47,000ത്തിലധികം മുതിർന്നവരിൽ നിന്നുള്ള ഏഴ് ദശലക്ഷം രാത്രിയിലുള്ള ഉറക്ക സംബന്ധമായ രേഖകൾ പരിശോധിച്ചു.
രാത്രികളിൽ 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയുള്ള സ്ഥലങ്ങളിൽ ഉറക്കം ശരാശരി 14 മിനിറ്റിൽ കൂടുതൽ കുറയുന്നതായി ഗവേഷകർ കണ്ടു. താപനില ഉയരുന്നതിനനുസരിച്ച് ദിവസം ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങാനുള്ള സാദ്ധ്യതയും വർദ്ധിച്ചു. അതേസമയം സ്ലീപ്പ് ലാബുകളിൽ നടത്തിയ നിയന്ത്രിത പഠനങ്ങളിൽ മുറിയിലെ താപനില വളരെ ചൂടോ തണുപ്പോ ആയിരിക്കുമ്പോൾ മനുഷ്യരും മൃഗങ്ങളും സാധാരണ ഉറക്ക ശീലങ്ങൾ മാറ്റുന്നതായി കണ്ടെത്തി. എന്നാൽ ഫാനുകളോ എയർ കണ്ടീഷനിംഗോ ഉപയോഗിച്ച് താപനില മാറ്റാൻ കഴിയുമ്പോൾ പഠന ഫലം എത്രത്തോളം ശരിയാകുമെന്ന് പറയാനാവില്ല.
