2030- ഓടെ 6ജി മൊബൈൽ നെറ്റ്വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്ന് സൂചന നൽകി നോക്കിയ സിഇഒ പെക്ക ലൻഡ്മാർക്ക്. 6 ജി നടപ്പിലാക്കുന്നതോടെ സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘അപ്പോഴേക്കും (2030) ഇന്ന് നമുക്കറിയാവുന്ന സ്മാർട് ഫോൺ ഇനി സാധാരണമായ ഇന്റർഫേസ് ആയിരിക്കില്ല, വരാനിരിക്കുന്ന ഉപകരണങ്ങളിൽ പലതും നമ്മുടെ ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദമായി പറഞ്ഞിട്ടില്ല.
നിരവധി കമ്പനികൾ ഇതിനകം തന്നെ 6ജി യിൽ വലിയ തോതിൽ നിക്ഷേപം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ക്വാൽകോം, ആപ്പിൾ, ഗൂഗിൾ, എൽജി തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഭീമന്മാരിൽ ചിലർ ഈ അടുത്ത തലമുറ സാങ്കേതികവിദ്യയ്ക്കായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

 
                                            