ലോകത്തെ ഏറ്റവും വലിയ വ്യക്തിവിവര കൈമാറ്റം ഗൂഗിൾ നടത്തിയതായി ആരോപണം. ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (ഐസിസിഎല്‍) ആരോപണം ടെക് ക്രഞ്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നുവെന്നും അതു മറ്റു കമ്പനികള്‍ക്കു കൈമാറുന്നുവെന്നുമാണ് ഐസിസിഎല്‍ ആരോപിക്കുന്നത്.
ഒരു വ്യക്തി ഇന്റര്‍നെറ്റിലും പുറംലോകത്തും നടത്തുന്ന പ്രവർത്തനങ്ങളുടെയും യാത്രകളുടെയുമൊക്കെ മുഴുവൻ വിവരങ്ങളും ഗൂഗിളും മറ്റു കമ്പനികളും ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഗൂഗിള്‍ വിവിധ കമ്പനികള്‍ക്കു നല്‍കുന്നു. ഇത് നിരന്തരം നടക്കുകയാണ്. അതുവഴി വിവിധ കമ്പനികള്‍ക്ക് നിങ്ങള്‍ ഏതു തരത്തിലുളള ആളാണെന്ന് രേഖപ്പെടുത്തി സൂക്ഷിക്കാന്‍ (പ്രൊഫൈലിങ്) സാധിക്കുന്നു. ആളുകള്‍ ഓണ്‍ലൈനില്‍ എന്തു കാണുന്നു എന്നും അവര്‍ എവിടെയൊക്കെ പോകുന്നു എന്നും തത്സമയം രേഖപ്പെടുത്തുന്നു. ഇത് അമേരിക്കയില്‍ ദിവസവും 294 ബില്യന്‍ തവണയാണെന്നും യൂറോപ്പില്‍ 197 ബില്യൻ തവണയാണെന്നും ഐസിസിഎലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡേറ്റ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് വിതരണം ചെയ്യുന്നു. ഇത് ചൈനയിലെയും റഷ്യയിലേയും കമ്പനികൾക്കു പോലും ലഭിക്കുന്നു. ഈ ഡേറ്റ ഏതുവിധത്തിലാണ് പിന്നീട് ഉപയോഗക്കപ്പെടുന്നത് എന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഗൂഗിൾ വിഷയത്തോട് പ്രതകരിച്ചിട്ടില്ല.

 
                                            