കമല്‍ ഹാസന് നായകനായെത്തുന്ന ‘വിക്രം’ എന്ന സിനിമയിലെ പാട്ടിനെതിരെ പരാതി. കമല്ഹാസന് എഴുതി പാടിയ ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു ആരോപിച്ചാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ മണിക്കൂറുകള്‍ കൊണ്ട് കോടിലധികം പേര് കണ്ടിരുന്നു.
വരികള്‍ കൊണ്ട് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണു പാട്ട്. ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും പാട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരുണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ലെന്നും പറഞ്ഞുവയ്ക്കുന്നു. താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പറഞ്ഞതോടെ പാട്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമായി മാറിയിരിക്കുകയാണ്. ചെന്നൈയുടെ സംസാരഭാഷയിലുള്ള പാട്ട് ഇതിനകം രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പരാതി.
