400 രൂപ കൂലി കൊടുക്കാമെന്ന് പറഞ്ഞ വ്യാപാരിക്ക് മാസ് മറുപടിയുമായി ഭിക്ഷക്കാരന്‍, തന്നോടൊപ്പം വന്നാല്‍ ദിവസം 2,000 തരാം

തിരുപ്പൂർ: നാനൂറ് രൂപ ദിവസക്കൂലി വാഗ്ദാനം ചെയ്ത വ്യാപാരിക്ക് ഭിക്ഷക്കാരന്‌റെ മാസ് മറുപടി. തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം രൂപ നൽകാമെന്നാണ് ഭിക്ഷക്കാരന്‌റെ ഓഫർ. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സ്‌ഥാപനത്തിൽ ഭിക്ഷാടനത്തിനെത്തിയ ആളോട് നല്ല ആരോഗ്യം ഉണ്ടല്ലോ പിന്നെന്തിനാണു ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടേ എന്നും വ്യാപാരി ചോദിച്ചിരുന്നു. തുടർന്ന് തന്റെ സൈക്കിൾ സ്‌പെയർ പാർട്സ്‌ കടയിൽ ദിവസം 400 രൂപ കൂലിയിൽ ജോലി വാഗ്‌ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി.

‘ഭിക്ഷ നൽകുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചർച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയിൽ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം സമ്പാദിക്കുന്നുണ്ട്. വേണമെങ്കിൽ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നൽകാം’ ഭിക്ഷക്കാരൻ വ്യക്തമാക്കി.

വലിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ എത്തിക്കുന്ന ഏജൻസികൾ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ വ്യാപാരിക്ക് യാചകൻ നൽകിയ ഓഫറിൽ അതിശയിക്കാൻ ഒന്നുമില്ലെന്നാണു ഭിക്ഷാടനത്തിനെതിരെ ശബ്‌ദിക്കുന്നവർ പറയുന്നത്.

‘തയ്യൽകാരുടെ ദുബായ്’ എന്ന് അറിയപ്പെടുന്ന തിരുപ്പൂർ ബനിയൻ സിറ്റിയിൽ ഭിക്ഷക്കാർ ധാരാളമുണ്ട് .വാഹനങ്ങളിൽ കൂട്ടമായി ആളുകളെ എത്തിച്ച് കമ്മിഷൻ വ്യവസ്ഥയിൽ ഭിക്ഷാടനം നടത്താൻ നിർബന്ധിക്കുകയാണ്. ചില ഏജന്റുമാർ ഒരു നേരത്തേക്കുള്ള ഭക്ഷണപ്പൊതി മാത്രം നൽകി ആളുകളെ ഭിക്ഷാടനത്തിനെത്തിക്കുന്നതായും ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *