അന്യഭാഷയിലുള്ള പേരുകൾ ഉച്ചരിയ്ക്കാൻ നാം പലപ്പോഴും കഷ്ടപ്പെടാറുണ്ട്. ഉച്ചരിച്ച് കഴിഞ്ഞാൽ തന്നെ അത് ശരിയാവാറുമില്ല. എന്നാൽ ഏത് നാട്ടിലുള്ള ആളുകൾക്കും ഏറ്റവും എളുപ്പത്തിൽ പേരുകൾ പഠിച്ചെടുക്കാനും അത് തെറ്റുകൂടാതെ ഉച്ചരിയ്ക്കാനും കഴിയുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ഗ്രാമത്തിൽ ആളെ തിരിച്ചറിയണമെങ്കിൽ പാട്ടും ഈണവുമാണ് ഓർത്തുവയ്ക്കേണ്ടത്.
ചൂളമടിക്കുന്നത് മോശമായി കാണുന്ന നമ്മുടെ നാടിന് വിപരീതമാണ് ഇവിടത്തെ രീതികൾ. ഇവിടെ ഓരോ മനുഷ്യന്റെ പേരും പ്രത്യേക ഈണത്തിലെ ചൂളം വിളിയാണ്. ഇന്ത്യയിലെ വിസിലിംഗ് വില്ലേജെന്നും സിംഗിംഗ് വില്ലേജ് എന്നുമാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. മേഘാലയിലെ കോംഗ് തോംഗ് എന്ന ഗ്രാമത്തിൽ എപ്പോഴും പാട്ടിന്റെയും ഈണങ്ങളുടെയും ചൂളം വിളികളും നിറഞ്ഞു നിൽക്കുന്നതാണ്.
പരസ്പരം കലഹിക്കാനും സ്നേഹിക്കാനും പാട്ടിനെ കൂട്ടുപിടിക്കുന്നവരാണിവർ. ഏഴുന്നൂറോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഓരോരുത്തരുടെയും പേര് ഒരു പാട്ടോ ഈണമോ ആയിരിക്കും. ഇത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.ഗ്രാമത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അതിന്റെ മാതാവ് ഒരു പാട്ടോ ഈണമോ ചിട്ടപ്പെടുത്തും. അമ്മയുടെ ഹൃദയത്തിൽ നിന്ന് രൂപപ്പെടുന്ന ഈണമാണിതെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പ്രകൃതിയിലെ ശബ്ദങ്ങളാണ് പേരിടുന്നതിനായി തിരഞ്ഞെടുക്കുന്നത്. കാറ്റുമൂളുന്നതും, നദിയൊഴുകുന്നതുമെല്ലാം പേരിടാനായി തിരഞ്ഞെടുക്കാറുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് ആചരിച്ചു തുടങ്ങിയ പേരിടൽ രീതി തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ഗ്രാമവാസികൾ കരുതുന്നത്. ജിംഗ്രവെയ് ലോബെ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗ്രാമവാസികൾക്ക് ഈ പേര് ഓർമിക്കാൻ എളുപ്പമാണെങ്കിലും പുറത്ത് നിന്നെത്തുന്നവർക്ക് എളുപ്പത്തിൽ ഓർമിക്കാനായി അധികമായി ഒരു പേരും ഗ്രാമത്തിൽ ചിലർക്കുണ്ട്.
