സഞ്ജയ് ദേവരാജൻ

കന്നട സിനിമ ഭാവിയിൽ അറിയപ്പെടുന്നത് കെജിഎഫ് സിനിമകളുടെ മുന്പും, അതിനുശേഷം എന്ന രീതിയിൽ ആയിരിക്കും എന്നുള്ളതിന് യാതൊരു സംശയവും വേണ്ട.
ഇന്ത്യൻ സിനിമയിൽ വില്ലൻ സങ്കല്പങ്ങളുടെ പരിപൂർണ്ണതയിലേക്ക് ഈ സിനിമയിലെ റോക്കി ഭായി എന്ന കഥാപാത്രത്തിലെ പ്രകടനത്തിലൂടെ യാഷ് നടന്നു കയറുകയായിരുന്നു. ഷോലെയിലെ അംജദ് ഖാന്റെ ഗബ്ബർ സിങ്ങിനും മേലെ, ടെസ്റ്റ് ക്രിക്കറ്റിൽ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റ് വീഴ്ത്തി അനിൽ കുംബ്ലെയെ പോലെ യാഷ് ഇന്ത്യൻ സിനിമയിൽ അനശ്വരമായ ഒരു സ്ഥാനം നേടിയയെടുത്തു.
നായികാ കഥാപാത്രത്തെ തടവിലാക്കി നാറാച്ചിയിലെ കെജിഎഫ് മേഖലയിലേക്ക് കൊണ്ടു പോകുമ്പോൾ പറയുന്ന എന്റർടൈൻമെന്റ് ഡയലോഗും എക്സ്പ്രഷനും നൽകുന്ന ഫീൽ തീപ്പൊരിയാണ് ?.
കെജിഎഫ് ഒന്നും, കെജിഎഫ് രണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ പഞ്ച് ഡയലോഗുകൾ ഒരുപാട് ഇല്ലെങ്കിലും. ഉള്ള ഡയലോഗുകൾ തരുന്ന ഫീൽ മറ്റൊരു ലെവൽ തന്നെയാണ്.
കെജിഎഫ് 2 അതിന്റെ മേക്കിങ് സ്റ്റൈലിലും, സംഘടന രംഗങ്ങളിലും കൂടുതൽ മികച്ചു നിൽക്കുന്നു.
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന് മുണ്ടക്കൽ ശേഖരൻ എന്ന പോലെ, റോക്കി ഭായിക്ക് എതിരായി വരുന്ന അഥിരാ എന്ന സഞ്ജയ്ദത്തിന്റെ കഥാപാത്രവും പ്രകടനവും അതിഗംഭീരമായി.
റോക്കി ഭായ് വീണു എന്നു തോന്നുന്ന ഭാഗങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ശത്രുക്കളെ കീഴടക്കുന്ന രംഗങ്ങൾ നൽകുന്ന ത്രില്ലും മനോഹാരിതയും വാക്കുകളിൽ ഒതുക്കാൻ കഴിയുന്ന ഒന്നല്ല.
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിൽ റോക്കി ഭായിയുടെ അമ്മയുടെ കഥാപാത്രം അതെ ശക്തിയോടുകൂടി തന്നെ രണ്ടാം ഭാഗത്തിലും നിൽക്കുന്നു. ആദ്യഭാഗത്തിൽ കഥപറയുന്ന ആനന്ദ് എന്ന കഥാപാത്രം ചാപ്റ്റർ 2 ൽ മിസ്സ് ചെയ്യുന്നുണ്ട്. എന്നാൽ പ്രകാശ് രാജിന്റെ കഥാപാത്രം രണ്ടാംഭാഗത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
റോക്കി ഭായ് എന്ന കഥാപാത്രം അടിമുടി നിറഞ്ഞാടുന്ന കെജിഎഫ് സീരീസിൽ, പ്രാധാന്യം ഒട്ടും ചോർന്നുപോകാതെ മറ്റ് കഥാപാത്രങ്ങൾക്ക് കൂടി വ്യക്തിത്വവും, ശക്തിയും പ്രാധാന്യവും പ്രധാനം ചെയ്യുന്ന രീതിയിൽ ഈ സിനിമ ഒരുക്കിയ സംവിധായകന് സലാം.
രവി ബസ്റോർ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ തുഫാൻ എന്ന ഗാനവും സിനിമയോടൊപ്പം ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി. സിനിമയുടെ വീര്യ രൗദ്ര ഭാവങ്ങളും, സ്വർണ്ണ ഖനി യുടെ നിഗൂഢതയും, സംഘടന രംഗങ്ങളിലെ തീഷ്ണതയും ഒട്ടും ചോരാതെ ഒപ്പിയെടുത്ത ഭുവൻ ഗൗഡയുടെ ഛായാഗ്രഹണം സിനിമയെ മികവുറ്റതാക്കുന്നതിൽ മികച്ച പങ്കുവഹിച്ചു.
1970 – 80 കളിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും കർണാടകയിലെ സ്വർണ്ണഖനികളും, മാഫിയ സംഘങ്ങളും,ഇന്ത്യൻ രാഷ്ട്രീയ സംഭവവികാസങ്ങളും മനോഹരമായി കൂട്ടിയിണക്കി സിനിമാറ്റിക് ആയി അവതരിപ്പിച്ച പ്രശാന്ത് നീൽ എന്ന സംവിധായകന്റെ ക്രാഫ്റ്റിങ് മികവിൽ നിന്ന് ഇതിലും മികച്ച ചിത്രങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട രവീണ ടാണ്ടന്റെ റിതികാ സിംഗ് എന്ന കഥാപാത്രം റോക്കി ഭായിക്ക് ഒപ്പം തന്നെ ചലച്ചിത്രപ്രേമികളുടെ മനസ്സിൽ നിലനിൽക്കും. അവസാനമായി ഇന്ദിരാഗാന്ധി എന്തായിരുന്നുവെന്ന് ഇന്ത്യൻ ജനതയെ ഓർമ്മിപ്പിച്ചതിന്, പറയാതെ പറഞ്ഞതിന് അണിയറ പ്രവർത്തകർക്ക് ഒരായിരം കയ്യടികൾ.
നമുക്കിനി കെജിഎഫ് ചാപ്റ്റർ 3 ക്കായി കാത്തിരിക്കാം….
