
സഞ്ജയ് ദേവരാജൻ
യുപി തിരഞ്ഞെടുപ്പ് ആദ്യഘട്ടം തുടങ്ങി. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രചരണം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നു. ഇലക്ഷന്‍ ഫലത്തേക്കാള്‍ ഉപരി ബിജെപിയും നരേന്ദ്ര മോഡിയും എന്തൊക്കെ ഹിന്ദുത്വ തന്ത്രങ്ങള്‍ ഇലക്ഷനില്‍ പയറ്റാന്‍ പോകുന്നു എന്നുള്ള ആകാംക്ഷ നിറഞ്ഞുനില്‍ക്കുന്നു.
യുപി തിരഞ്ഞെടുപ്പിന് വേണ്ടി കര്‍ണാടകയില്‍ സൃഷ്ടിക്കപ്പെട്ട ഹിജാബ് വിവാദം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുന്നു. നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായും, പാകിസ്ഥാന്‍ പ്രധാനമന്ത്രിയും അടക്കം ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണത്തിന് ഹിജാബ് വിവാദം സഹായിക്കുമെന്നതില്‍ സംശയം വേണ്ട. എക്കാലവും ന്യൂനപക്ഷ വര്‍ഗീയത തന്നെയാണ് ഭൂരിപക്ഷ വര്‍ഗീയതയെ വിജയിക്കാന്‍ സഹായിക്കുന്നു എന്നതിന്റെ ഉദാഹരണമായി നമുക്ക് ഇതിനെ കാണാം. കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബും, പര്‍ദ്ദയും ധരിച്ചു വരുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധവും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തില്‍ ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ മുസ്ലിം വിദ്യാര്‍ഥിനികളെ നിരത്തിലിറക്കി കൊണ്ട് നടത്തിയ സമരവും, മുഖം മറച്ചു പര്‍ദ്ദ ധരിച്ച യുവതി സംഘപരിവാര്‍ സംഘടനകളുടെ യുവാക്കള്‍ക്കെതിരെ ഒറ്റയ്ക്ക് അള്ളാഹു അക്ബര്‍ എന്ന് വിളിച്ച പ്രതിരോധിക്കുന്നതും ന്യൂനപക്ഷ വര്‍ഗീയ വാദികളെയും മറ്റും ആവേശം കൊള്ളിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ പ്രകടനം ഹിന്ദി ഹൃദയഭൂമിയില്‍ ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കും എന്നത് ഉറപ്പാണ്.
ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിനു നേരെ ഷാരൂഖാന്‍ അനാദരവ് കാണിച്ചു എന്ന രീതിയില്‍ സംഘപരിവാര്‍ ഇപ്പോള്‍ നടത്തിയ പ്രചരണവും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളതു തന്നെയാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മീഡിയ വണ്‍ ചാനല്‍ നിരോധനവും ഇതുമായി ചേര്‍ത്ത് കാണാവുന്നതാണ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തിയാല്‍ ഉത്തര്‍പ്രദേശ് കേരളം പോലെ ആകും എന്ന് നടത്തിയ പ്രസ്താവനയും തികഞ്ഞ വര്‍ഗീയ ഉദ്ദേശത്തോട് ഉള്ളതാണ്. കേരള രാഷ്ട്രീയം ന്യൂനപക്ഷങ്ങളാണ് നിയന്ത്രിക്കുന്നത് എന്ന് സംഘപരിവാര്‍ വളരെക്കാലമായി ഇന്ത്യയൊട്ടാകെ പ്രചാരണം നടത്തുകയാണ്. അതിനാല്‍ തങ്ങള്‍ക്ക് ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലെന്നും, തങ്ങളുടെ ഭരണ പരാജയങ്ങള്‍ മറന്ന് ഹിന്ദുത്വ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കണം എന്ന് തന്നെയാണ് യുപി മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്. എന്നാല്‍ നരേന്ദ്രമോഡി പതിവുപോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും, കോണ്‍ഗ്രസിലെ കുടുംബാധിപത്യതെയും പാര്‍ലമെന്റില്‍ കടന്നാക്രമിച്ചു. വരുംദിനങ്ങളില്‍ തീവ്ര രാഷ്ട്രീയ അജണ്ടകള്‍ അദ്ദേഹം മുന്നോട്ടു വയ്ക്കും. ബ്രാഹ്മണ്യത്തില്‍ അടിസ്ഥാനമായ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി മുന്നോക്ക സമുദായങ്ങളെയും, പിന്നോക്ക സമുദായങ്ങളെയും , ദളിതരെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സംയോജിപ്പിച്ച് ഒരുമിച്ച് നയിക്കുന്ന പുതിയ ഹിന്ദുത്വ രാഷ്ട്രീയതന്ത്രം ആണ് നരേന്ദ്രമോഡി പ്രയോഗിക്കുന്നത്.
എല്ലാ ഇലക്ഷന്‍ സര്‍വ്വേകളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കും എന്നാണ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് സര്‍വ്വേകള്‍ തയ്യാറാക്കിയത് എന്നുള്ള വിശദീകരണങ്ങള്‍ ഒന്നും മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ പറയുന്നില്ല. പക്ഷേ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയം ആകും എന്ന് പ്രവചിക്കാന്‍ എല്ലാ സര്‍വ്വേകളും ശ്രദ്ധിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള ഇലക്ഷന്‍ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ദുര്‍ബലമായി മാറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം മാത്രമാണ് കോണ്‍ഗ്രസിന് എടുത്തുപറയാവുന്ന രാഷ്ട്രീയ പ്രചരണം. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും വിവാദ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍
ജനശ്രദ്ധയാകര്‍ഷിക്കുന്ന നടപടികളും, പ്രസ്താവനകളും പുറപ്പെടുവിക്കും. എന്നാല്‍ അതിനുശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല പകരം അവര്‍ വിദേശ സന്ദര്‍ശനങ്ങളും, ഉല്ലാസ യാത്രകളിലും ആയിരിക്കും ശ്രദ്ധ നല്‍കുന്നത്. ഇലക്ഷന്‍ പ്രചരണ സമയങ്ങളില്‍ രാഹുല്‍ഗാന്ധി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായി മാറുന്നുണ്ട്. തങ്ങളുടെ പ്രധാനപ്പെട്ട നേതാവ് എവിടെയാണ് എന്ന് ഉത്തരം പറയാന്‍ പോലും ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ തന്നെയാണ് വരച്ചുകാട്ടുന്നത്.
കഴിഞ്ഞ അഞ്ചു കൊല്ലമായി പ്രിയങ്ക ഗാന്ധി യു പി യില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭങ്ങള്‍ അടക്കം ഒരുപാട് വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നു. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും തുടര്‍ പ്രചരണങ്ങളോ , തുടര്‍ പ്രക്ഷോഭങ്ങളോ സംഘടിപ്പിചില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ ഇലക്ഷനില്‍ സമാജ് വാദി പാര്‍ട്ടിക്ക് ഗുണകരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ രാഷ്ട്രീയ അജണ്ടകള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെങ്കില്‍ പോലും കോണ്‍ഗ്രസിലെ തമ്മിലടി അവിടെയും ദോഷകരമായി മാറുമോ ഇല്ലയോ എന്നുള്ളത് ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.
ഇലക്ഷന്‍ ഫലത്തേക്കാള്‍ ബിജെപിയും നരേന്ദ്രമോഡിയും പ്രയോഗിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ എന്ത് എന്നുള്ള ആകാംഷയാണ് ഈ തെരഞ്ഞെടുപ്പിനെ സജീവമാകുന്നത്.

 
                                            