തിരുവനന്തപുരം: ഇടമലയാർ, പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.
ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ കെട്ടിലെത്തും. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തിയത്. 25 മുതല്‍ പരമാവധി 50 കുമക്‌സ് വരെ ജലം പുറത്തേക്കു വിടും. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ വെള്ളം പമ്പാ നദിയിലേക്ക് ഒഴുക്കി വിടും.
ഇടമലയാറിന്റെ മൂന്ന് ഷട്ടറുകളാണ് 80 സെന്റിമീറ്റർ വീതം ഉയർത്തിയത്. ഉച്ചയ്‌ക്ക് 12 മണിയോടെ കാലടിയിലെത്തുമെന്നാണ് പ്രതീക്ഷ. സെക്കൻണ്ടിൽ 100 ഘനയടി ജലം പുറത്തേയ്‌ക്ക് വിടും.
അതേസമയം ഇടുക്കി ഡാം ഇന്ന് 11 മണിക്ക് തുറക്കും. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയരത്തിലാണ് തുറക്കുക.
