കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ പത്തിന് ശേഷമാണ് അദ്ദേഹം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അടച്ചിട്ട മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍.
കാസര്‍കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാന്‍ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. മൂന്ന് മാസത്തിനൊടുവിലാണ് കേസിലെ ഏക പ്രതിയായ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ സുന്ദരക്ക് നേരിട്ട് പണം നല്കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും അദ്ദേഹത്തിന് ലഭിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.
അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും അന്വേഷണത്തോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
