ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി യുവനേതാക്കള്‍ കൊഴിഞ്ഞു പോയ കോണ്‍ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും പാര്‍ട്ടി കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു.
ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.സിപിഐയില്‍ കനയ്യ അസ്വസ്ഥനാണെന്നും ചൊവ്വാഴ്ച അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസിലേക്ക് പോകുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് അറിവെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, കനയ്യ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് കേട്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഈ മാസം ആദ്യം നടന്ന പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കനയ്യ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങളോട് കനയ്യ ഇതുവരെ പ്രതികരിച്ചിട്ടിലെങ്കിലും ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. മത്സരിച്ച 70 സീറ്റുകളില്‍ 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. അതേസമയം, ആര്‍ജെഡി മത്സരിച്ച 144 സീറ്റുകളില്‍ പകുതിയിലേറെയും സിപിഐ (എംഎല്) 19 സീറ്റുകളില്‍ 12 എണ്ണത്തിലും വിജയിച്ചു.
ജ്യോതിരാദിത്യ സിന്ധ്യ, സുസ്മിത ദേവ്, ജിതിന് പ്രസാദ, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും പ്രവേശനം പാര്‍ട്ടിക്ക് ഉത്തേജനം നല്‍കുമെന്ന് വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
