ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തോടെ അഭിപ്രായ പ്രകടനങ്ങളും, പരസ്യ പ്രതികരണങ്ങളും ഉടലെടുത്തതോടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഡി.സി.സി.-കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികള്‍ ബാക്കിയാണ്. മുതിര്‍ന്ന നേതാക്കള്‍ അകന്നുനിന്നാല്‍ ഇതിനുള്ള ചര്‍ച്ചയും പൊട്ടിത്തെറിയിലേക്ക് എത്തും. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അനുകൂലിക്കുന്നവരുടെ ഗ്രൂപ്പും ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പായി മറുപക്ഷവും നിലയുറപ്പിക്കുന്ന ഘട്ടമാണിപ്പോള്‍. ഇരു നേതാക്കളുടെയും വാക്കുകള്‍ക്ക് ഇത്തവണ വിലയുണ്ടായില്ലെന്നാണ് പരാതി.
മുമ്പു നടക്കാത്ത തരത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സോണിയയെയും രാഹുല്‍ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. പിന്നാലെയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ നടപടിക്ക് സാധ്യത കുറവാണെന്നാണ് സൂചന. കാര്യങ്ങള്‍ വഷളാവാതിരിക്കാനുള്ള മുന്‍കരുതലായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് കെ.പി.സി.സി. വിലക്കേര്‍പ്പെടുത്തി.
