കൊച്ചി: വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് കേന്ദസര്‍ക്കാര്‍. സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബില്‍, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്മാര്‍ട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്മാര്‍ട്ട് മീറ്ററിന്റെ ചെലവ് ആര് വഹിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തതയില്ല. വൈദ്യുതി നിയമമനുസരിച്ച് സ്വഭാവികമായും ആ ചെലവും ഉപഭോക്താവ് വഹിക്കേണ്ടി വരും. മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതുപോലെ മുന്‍കൂര്‍ പണം നല്കി മീറ്റര്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും.
ഇതോടെ വൈദ്യുതി പ്രീപെയ്ഡ് ആകും. എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്ററായാല്‍ പ്രസരണ-വിതരണ നഷ്ടം കൃത്യമായി കണക്കാക്കാനുമാകും.2019-20 സാമ്പത്തികവര്‍ഷം 25 ശതമാനത്തിലധികം പ്രസരണ-വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍ 2023 ഡിസംബറിന് മുമ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.ഇതില്‍ കുറഞ്ഞ പ്രസരണ-വിതരണ നഷ്ടമുള്ള സംസ്ഥാനങ്ങള്‍ക്ക് 2025 മാര്‍ച്ച് വരെയും സമയം അനുവദിച്ചിട്ടുണ്ട്.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ നഷ്ടം 24 ശതമാനത്തിനും മുകളിലാണ്. കേരളത്തിന്റെ ഈ നഷ്ടം ഒമ്പത് ശതമാനം മാത്രമാണെന്നതിനാല്‍ സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവന്നാലും കാര്യമായ കുറവുണ്ടാകില്ല.കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേരളം നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഏറെ ഉയര്‍ന്ന വിലയാണ് കമ്പനികള്‍ ടെന്‍ഡറില്‍ രേഖപ്പെടുത്തിയത്. ഒരുമീറ്ററിന് ഏഴായിരത്തോളം രൂപയായിരുന്നെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരില്‍നിന്ന് ആയിരം രൂപമാത്രമാണ് സബ്സിഡി ലഭിക്കുക എന്നറിഞ്ഞതോടെ വേണ്ടെന്ന് വെക്കുകയായിരുന്നു.പിന്നീട് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് ടെന്‍ഡര്‍ വിളിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇവര്‍ വിളിച്ച അവസാന ടെന്‍ഡറില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ 2722 രൂപയ്ക്ക് സ്മാര്‍ട്ട് മീറ്റര്‍ നല്കാന് തയ്യാറായിരുന്നു.
