ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. 56 വയസായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നൂറിലേറെ ചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്. രാജപര്വൈയായിരുന്നു ചിത്രയുടെ ആദ്യ സിനിമ. മോഹന്‍ലാല്‍ ചിത്രമായ ആട്ടക്കലാശത്തിലൂടെയായിരുന്നു ചിത്ര മലയാളത്തിലേക്ക് എത്തിയത്.
മലയാളത്തിലെ അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായി മാറിയതോടെ നിരവധി അവസരങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയത്.മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം അഭിനയിച്ച ചിത്രയുടെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല നെഗറ്റീവ് വേഷത്തിലും താരം തിളങ്ങിയിരുന്നു
മോഹന്‍ലാലിനൊപ്പമാണ് തുടങ്ങിയതെങ്കിലും മമ്മൂട്ടി സിനിമകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ചിത്ര. അമരം, പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും ചിത്ര വേഷമിട്ടിരുന്നു. കമ്മീഷണര്‍, ഏകലവ്യന്, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ സുരേഷ് ഗോപിക്കൊപ്പവും ചിത്ര അഭിനയിച്ചിരുന്നു
