ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
വര്‍ഷകാല സമ്മേളനം നടക്കുന്ന ജൂലൈ 19 മുതല്‍ ആഗസ്റ്റ് 13 വരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നേതാക്കള്‍ വ്യക്തമാക്കി.
40 കര്‍ഷക സംഘടനകളില്‍ നിന്നും അഞ്ച് പേര് വീതമാണ് ഓരോ ദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരത്തില്‍ അണിചേരുക. ജൂലൈ എട്ടിന് ഇന്ധന വിലവര്‍ധനക്കെതിരെ സമരത്തിനും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.ആറ് മാസം പിന്നിട്ട പ്രക്ഷോഭം കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന് മുന്നില്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്
