ചേര്‍പ്പുങ്കല്‍ പാലം ഹൈക്കോടതി നിര്‍ദ്ദേശിച്ച ഹിയറിംഗ് 15ന് നടത്തും

സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതതല യോഗം ഉടനെ വിളിക്കാന്‍ തീരുമാനം

പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ ചൂണ്ടിക്കാണിച്ച വകുപ്പ് തലത്തില്‍ ഉണ്ടായതായി പറയപ്പെടുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച ഹിയറിംഗ് ജൂണ്‍ 15 ന്, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടിസ് അയച്ചു.

നിയമസഭയില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും, മാണി.സി.കാപ്പന്‍ എം.എല്‍.എയും ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചത് പ്രകാരമാണ് ഹിയറിംഗ് അടിയന്തിരമായി നടത്താന്‍ വകുപ്പ് തലത്തില്‍ നടപടിയുണ്ടായത്. ആറ് ആഴ്ചയ്ക്കുള്ളില്‍ ഹിയറിംഗ് നടത്തി ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മാണം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാക്കണമെന്നാണ് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നത്. എം.എല്‍.എമാരുടെ സബ്മിഷന് നിയമ സഭയില്‍ മറുപടി നല്‍കിയ സന്ദര്‍ഭത്തില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനി പ്രതിനിധികളുമാണ് ഹിയറിംഗില്‍ പങ്കെടുക്കുന്നത്.

ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണം മുടങ്ങിയത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ ജനപ്രതിനിധികളും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉറപ്പ് നല്‍കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും, മാണി.സി. കാപ്പന്‍ എം.എല്‍.എയും അറിയിച്ചു. മന്ത്രിമാര്‍ക്കും, വിവിധ ജന പ്രതിനിധികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന സൗകര്യ പ്രദമായ ദിവസം പരിശോധിച്ച ശേഷം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഹൈക്കോടതിയിലെയും, സുപ്രീം കോടതിയിലെയും കേസ് ജയിച്ച ശേഷം പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും എസ്റ്റിമേറ്റ് ക്വാണ്ടിറ്റിയിലെ അളവില്‍ ഉണ്ടായ വ്യത്യാസമാണ് നിര്‍മ്മാണം മുടങ്ങാന്‍ കാരണമായത്. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യമാണ് എം.എല്‍.എമാരായ അഡ്വ. മോന്‍സ് ജോസഫും, മാണി.സി. കാപ്പനും നിയമ സഭയില്‍ ഉന്നയിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *