മാനസിക സമ്മര്‍ദ്ദത്തെ പ്രചോദനമാക്കിയ അമേരിക്കന്‍ മലയാളിയുടെ ആത്മീയയാത്ര

ജീവിതത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാവുക, ആ പ്രതിസന്ധി അതിജീവിക്കാന്‍ മെഡിറ്റേഷനെ ആശ്രയിക്കുക, പിന്നീട് ആ മേഖലയെ അടിസ്ഥാനമാക്കി പുതിയ ജീവിതം കെട്ടിപ്പടുക്കുക… സാങ്കല്പികം എന്ന് തോന്നിയേക്കാം എങ്കിലും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി വനിതയായ കവിത മേനോന്റെ യഥാര്‍ത്ഥ കഥയാണിത്.

പാലക്കാട് സ്വദേശിയായ കവിത കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കയിലെ മിഷിഗണിലാണ് ജീവിക്കുന്നത്. തന്റെ ജീവിതയാത്രയ്ക്കിടെ 2019 ല്‍ വലിയ പ്രതിസന്ധി തീര്‍ത്തുകൊണ്ട് ചില മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരികയും ആകെ തളര്‍ന്നു പോകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.

അവിടെനിന്ന് കരകയറാനാണ് മെഡിറ്റേഷനിലേക്കും പണ്ട് വഴി മറന്നുപോയ ആത്മീയതയിലേക്കും തിരിയുന്നത്. സമയമെടുത്ത് ഘട്ടം ഘട്ടമായാണ് മുന്നോട്ടുപോയത്. നിരന്തരമായ പരിശ്രമത്തിലൂടെ ഡീപ്പ് മെഡിറ്റേഷന്റെ ദൈര്‍ഘ്യം അഞ്ച് മിനിറ്റില്‍ അരമണിക്കൂര്‍ വരെയായി ഉയര്‍ത്താന്‍ കഴിഞ്ഞു. ആത്മീയതയെ ചേര്‍ത്തുപിടിച്ചായിരുന്നു ഓരോ ഘട്ടവും പിന്നിട്ടത്.

അതിനൊപ്പമാണ് ‘ലോ ഓഫ് അട്രാക്ഷനെ’ക്കുറിച്ചും ‘ടാരറ്റ് കാര്‍ഡിനെ’കുറിച്ചുമൊക്കെ അറിയാന്‍ ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വിവിധ ചാനലുകളിലൂടെ ഓരോന്നും പഠിച്ചെടുക്കുകയായിരുന്നു. നമ്മള്‍ ഒരു കാര്യത്തെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നടക്കും എന്നൊരു സിദ്ധാന്തമാണ് ‘ലോ ഓഫ് അട്രാക്ഷന്’ അടിസ്ഥാനം. നമ്മുടെ സമീപകാല ഭാവിയെക്കുറിച്ച് പ്രവചിക്കുന്ന ഒരു ശാഖയാണ് ‘ടാരറ്റ് കാര്‍ഡ്’.

താന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പലതും സമീപ ഭാവിയില്‍ യാഥാര്‍ത്ഥ്യമായി വന്നതോടെ ആദ്യമൊക്കെ ഞെട്ടല്‍ ആയിരുന്നു കവിതയ്ക്ക്. വരും ദിവസങ്ങളില്‍ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് ലഭിക്കുന്ന സൂചനകള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചാല്‍, അത് അവര്‍ക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയില്‍ നിന്നാണ്, ഒരു സേവന സംരംഭമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച ചാനലിനിപ്പോള്‍ അര ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ‘ഹീലിംഗ് ലൈഫ് ടാരറ്റ്’ എന്നാണ് ചാനലിന്റെ പേര്.

മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുക എന്നതാണ് കവിതയുടെ പ്രധാന ലക്ഷ്യം. തന്റെ ചെറിയ ശ്രമങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് അറിയുന്നതാണ് ഈ മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമാകുന്നത്. പലര്‍ക്കും ഒരു ഗൈഡന്‍സ് ലഭിച്ചാല്‍ തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരമാവധി തീരും.

ജീവിതത്തില്‍ ‘സെല്‍ഫ് ലവ്’ എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അവനവനെ മനസ്സിലാക്കുകയും സ്വന്തം കഴിവുകള്‍ തിരിച്ചറിയുകയും സ്വയം വികസിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. നമ്മള്‍ ആരെക്കാളും താഴെയല്ല എന്ന ബോധവും ഉണ്ടാകണം. സ്വന്തം അനുഭവത്തില്‍നിന്ന് മനസ്സിലാക്കിയ ഈ കാര്യങ്ങള്‍ കൂടി ഭാവിയില്‍ ചാനലില്‍ ഉള്‍പ്പെടുത്തണം എന്നാണ് കവിതയുടെ ആഗ്രഹം. ‘സെല്‍ഫ് ലവിനെ’ കുറിച്ച് നിലവില്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കി വരുന്നുണ്ട്. ഇതിനകം നാലു ബാച്ച് പൂര്‍ത്തിയായി.

‘ഓര്‍ഗാനിക് റീച്ച്’ കൊണ്ടാണ് ഇതുവരെ എത്തിനില്‍ക്കുന്നത്. ഇനിയുള്ള യാത്രയും അങ്ങനെ തന്നെയായിരിക്കും. തന്നെ പിന്തുടരുന്ന സബ്‌സ്‌ക്രൈബേഴ്‌സാണ് ഏറ്റവും വലിയ നേട്ടമെന്ന് കവിത പറയുന്നു. മറ്റുള്ളവരുടെ ജീവിതത്തിന് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന രീതിയില്‍ കൂടുതല്‍ കണ്ടന്റുകള്‍ ഉള്‍പ്പെടുത്തി ചാനല്‍ വിപുലീകരിക്കണം, മെഡിറ്റേഷന്റെ കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കണം തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി കവിതയ്ക്കുണ്ട്.

ഇതിനെല്ലാത്തിനും പുറമേ നല്ലൊരു എഴുത്തുകാരി കൂടിയാണ് കവിത. പേരുപോലെ തന്നെ കവിതയാണ് കൂടുതലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ഏറെ ഏകാഗ്രതയും സമര്‍പ്പണവും വേണ്ട ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.

https://www.youtube.com/@healinglifetarot

Leave a Reply

Your email address will not be published. Required fields are marked *