കേരളമാകെ നടത്തിയ 1000 കോടിയുടെ പകുതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ രക്ഷിക്കാൻ പോലീസ്. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് 3 തവണയും നൽകാതെയാണ് രക്ഷിക്കാനുള്ള കള്ളക്കളി. മുൻകൂർ ജാമ്യാപേക്ഷ മാർച്ച് നാലിലേക്ക് മാറ്റി. നാലാം തവണയാണ് കേസ് മാറ്റുന്നത്. കണ്ണൂർ പൊലീസ് 3 തവണയും റിപ്പോർട്ട് ഹാജരാക്കാതിരുന്നതിനാൽ കേസ് മാറ്റി.ഇത് നാലാം തവണയാണ് പൊലീസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ 13ന് ഹാജരാക്കാനായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നത്. അന്ന് ഹാജരാക്കാത്തതിനാൽ 18ലേക്ക് മാറ്റുകയായിരുന്നു. അന്നും ഹാജരാക്കാത്തതിനാൽ 27ലേക്ക് മാറ്റി.
കണ്ണൂർ എസ്പിയെ എതിർകക്ഷിയാക്കി മുൻകൂർ ജാമ്യാപേക്ഷ. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനൻ്റെ പരാതിയിലാണ് കേസ്. ആനന്ദകുമാർ രണ്ടാംപ്രതിയാണ്. അനന്തുകൃഷ്ണനാണ് ഒന്നാംപ്രതി. 7പ്രതികളുണ്ട്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സീഡ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെന്നാണ് പരാതി. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ.കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ് എന്നിവരെയും പ്രതികളാക്കി.
1000കോടിയുടെ വമ്പൻ തട്ടിപ്പിലെ മുഖ്യപ്രതി ആനന്ദകുമാറിന് സംരക്ഷണമൊരുക്കുകയാണ് പോലീസ്. ആനന്ദകുമാർ കോടതിയിലെത്തും മുൻപേ, അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ വിവിധ ജില്ലകളില് നിന്നുണ്ടായി. പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പരാതി. എന്നിട്ടും ആനന്ദകുമാറിനെ പ്രതിയാക്കാൻ വൈകി. മുഖ്യപ്രതി ആനന്ദുകൃഷ്ണനെ അറസ്റ്റ് ചെയ്ത് കേസെടുക്കാൻ നീക്കം.
എന്നാൽ പരാതിക്കാർ എറിയപ്പെട്ടതോടെ സർക്കാരിന് ആനന്ദകുമാറിനെ പ്രതിയാക്കാതെ തരമില്ലെന്നായി. എന്നിട്ടും അറസ്റ്റ് വൈകിപ്പിച്ച് മുൻകൂർ ജാമ്യം നേടാനുള്ള അവസരം ഒരുക്കുകയാണ് പോലീസ്. ക്രൈംബ്രാഞ്ചിന് കേസുകൾ കൈമാറിയെങ്കിലും ആനന്ദകുമാറിനെ ഇതുവരെ ചോദ്യം ചെയ്യാൻ പോലുമായിട്ടില്ല.
തട്ടിപ്പ് നടത്തിയ എൻ.ജി.ഒ. കോൺഫെഡറേഷൻആജീവനാന്തമാണ് ആനന്ദകുമാർ. സംസ്ഥാനത്ത് 1,800-ൽ അധികം സന്നദ്ധസംഘടനകളെ ചേർത്തായിരുന്നു നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ രൂപവത്കരിച്ചത്. 18,000-ഓളം പേര്ക്ക് സ്കൂട്ടർ ലഭിച്ചിട്ടുണ്ട്.
പാതിവില സ്കൂട്ടർ തട്ടിപ്പുകേസിൽ വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചതും പദ്ധതിയിൽ ജനങ്ങളെ വിശ്വസിപ്പിച്ചതും ആനന്ദകുമാറാണ്.
പകുതി വിലയെന്ന് കേട്ട് സംശയിച്ചവരെപ്പോലും ഇദ്ദേഹം വിശ്വസിച്ചു. ”അനന്തു സഹായ മനസ്ഥിതിയുള്ള മിടുക്കനാണ്. അഥവാ പണം നഷ്ടപ്പെട്ടാൽ ഞാൻ തിരികെ തരും” – എന്ന് ആനന്ദകുമാർ ഉറപ്പുനൽകിയിരുന്നതായി പരാതിക്കാരിൽ ചിലർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തുകൃഷ്ണൻ സന്ദർശിച്ചത് ആനന്ദകുമാർ വഴിയായിരുന്നു. 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ആനന്ദകുമാറിനൊപ്പം അനന്തുകൃഷ്ണൻ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സത്യസായി ഓർഫനേജ് ട്രസ്റ്റിൻ്റെ സംസ്ഥാന കോഡിനേറ്റർ എന്ന നിലയിലായിരുന്നു ദർശനാനുമതി ലഭിച്ചത്.
അനന്തുകൃഷ്ണനെ നേരിട്ട് ആർക്കും പരിചയമില്ലായിരുന്നു. എന്നാൽ, ആനന്ദകുമാറിൻ്റെ സന്നദ്ധസേവന രംഗത്തെ പ്രശസ്തി ജനങ്ങൾ വിശ്വസിച്ചു. പല സ്ഥലങ്ങളിലും സ്കൂട്ടർ വിതരണത്തിൽ ആനന്ദകുമാറും പങ്കെടുത്തു. പാതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽ മെഷീൻ എന്നിവ നൽകുമെന്ന് ആനന്ദകുമാർ നേരിട്ട് പലർക്കും ഉറപ്പുനൽകിയിരുന്നതായും പരാതിയുണ്ട്.
ആനന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് എൻ.ജി.ഒ. കോൺഫെഡറേഷൻ രൂപവത്കരിക്കപ്പെട്ടത്. അതേസമയം, സ്കൂട്ടർ തട്ടിപ്പ് കേസിൽ താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ആനന്ദകുമാർ പറയുന്നു. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ്റെ സാമ്പത്തിക ഉത്തരവാദിത്തം അനന്തുകൃഷ്ണൻ്റെ കമ്പനിക്കായിരുന്നു. സാമ്പത്തികകാര്യങ്ങളിൽ സുതാര്യതയുണ്ടായിരുന്നില്ല. പകുതിവിലയ്ക്ക് സ്കൂട്ടർ എന്ന ആശയം അനന്തുകൃഷ്ണൻ്റേതാണ്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ രാജിവെച്ചു- അദ്ദേഹം വ്യക്തമാക്കി.
പാതിവിലയ്ക്ക് സ്കൂട്ടർ ലഭിച്ചവരുമായി പ്രചാരണത്തിന് ആനന്ദകുമാർ പദ്ധതിയിട്ടെന്ന് പോലീസ് കണ്ടെത്തി. എൻ.ജി.ഒ. കോൺഫെഡറേഷൻ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഈ കോൺഫെഡറേഷനിലെ സംഘടനകൾക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ കത്ത് നൽകി. ഈ കഥ പുറത്തുവന്നിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദിയാത്ര നടത്താൻ ആനന്ദകുമാർ പദ്ധതിയിട്ടിരുന്നു. ഈ നദീയാത്രയുടെ വിളംബരത്തിൻ്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു ഒപ്പിട്ട സർക്കുലറിലെ നിർദ്ദേശം.
ആനന്ദകുമാർ ഓഫീസും വീടും പൂട്ടി ഒഴിവിലാണ്. അതേസമയം താൻ ഒളിവിലല്ലെന്നും അസുഖബാധിതനായി ആശുപത്രിയിലാണെന്നുമാണ് ആനന്ദകുമാർ പറയുന്നത്. അനന്തുകൃഷ്ണൻ്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്ന് മനസ്സിലായപ്പോൾ, നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷനിൽ നിന്ന് മാസങ്ങൾക്കുമുൻപ് രാജിവെച്ചതായി ആനന്ദകുമാർ അറിയിച്ചു. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നൽകിയിരുന്നു എന്നാണ് അനന്തുകൃഷ്ണൻ്റെ മൊഴി.

 
                                            