BJP സംസ്ഥാന നേതാക്കൾക്ക് തിരിച്ചടിഅധ്യാക്ഷനാകാൻ പുതിയ നേതാവ്

ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നീളുന്നു. ഡൽഹി തിരഞ്ഞെടുപ്പിനു പിന്നാലെ പ്രഖ്യാപനം നടക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 17-ന് പ്രഖ്യാപിക്കുമെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്ക് ഒരറിവുമില്ല. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളോട് അഭിപ്രായംചോദിച്ച് റിപ്പോർട്ട് തയ്യാറാക്കിനൽകിയിട്ടുണ്ട്. എം.ടി.രമേശ്, വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഈ റിപ്പോർട്ടിലുള്ളത്. അതിനുശേഷം ദേശീയ നേതൃത്വം കേരള നേതാക്കളോട് ചർച്ചയൊന്നും നടത്തിയിട്ടില്ല.
ഇനി പന്ത് ദേശീയ നേതൃത്വത്തിന്റെ കോർട്ടിലാണ്. തീരുമാനമെടുക്കുംമുൻപ്‌ ആർ.എസ്.എസ്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം തേടാറുണ്ട്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വരണാധികാരി പ്രഹ്ളാദ് ജോഷിയാണ്. അടുത്ത ദിവസങ്ങളിലൊന്നും ജോഷി കേരളത്തിലേക്ക് യാത്ര നിശ്ചയിച്ചിട്ടില്ല. തീരുമാനമെടുത്തുകഴിഞ്ഞാൽ നാമനിർദേശപത്രിക സ്വീകരിച്ച് സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ തിരഞ്ഞെടുപ്പുനടപടി പൂർത്തിയാക്കി പ്രഖ്യാപനം നടത്തുകയാണ് പതിവ്. അത്തരമൊരു യോഗത്തിനുള്ള വിളി പ്രതീക്ഷിച്ചിരിക്കുകയാണ് കേരളത്തിലെ നേതാക്കൾ.

സമീപകാല സംഘടനാതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ഒടുവിൽ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുള്ള എം.ടി.രമേശിന് അവസരം നൽകണമെന്ന് കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും പരിഗണിക്കാതിരിക്കുന്നത് അനീതിയാകുമെന്നാണ് അവരുടെ വാദം. ദക്ഷിണേന്ത്യയിൽനിന്ന് ഒരു വനിതാ പ്രസിഡന്റ് വേണമെന്ന് തീരുമാനിച്ചാൽ ശോഭാ സുരേന്ദ്രന് നറുക്ക് വീഴും. വി.മുരളീധരനുവേണ്ടിയും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മുരളീധരന് ദേശീയ നേതൃത്വത്തിൽ നിർണായകചുമതല ഇക്കുറി ലഭിക്കുമെന്നാണ് അറിയുന്നത്.

പ്രഖ്യാപനം വൈകുംതോറും സംസ്ഥാന പ്രസിഡൻറുസ്ഥാനത്തേക്ക് കെ.സുരേന്ദ്രന് തുടരാൻ അവസരമൊരുങ്ങുമെന്ന് സുരേന്ദ്രൻ പക്ഷത്തെ നേതാക്കൾ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരെ തീരുമാനിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ ദേശീയനേതൃത്വം അപ്രതീക്ഷിത മുഖങ്ങളെ അവതരിപ്പിക്കുമെന്ന് കരുതുന്നവരുമുണ്ട്. കെ.സുരേന്ദ്രൻ 5 വർഷം പൂർത്തിയാക്കിയതിനാൽ മാറുമെന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുവരെ സുരേന്ദ്രൻ തന്നെ തുടരുമെന്നും പാർട്ടിയിൽ അഭ്യൂഹമുണ്ട്. സമവായത്തിന്റെ പേരിൽ മികവ് പരിഗണിക്കാതിരിക്കരുതെന്ന് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

എന്നാൽ സംസ്ഥാന അധ്യക്ഷൻ ആകാൻ സാധിച്ചില്ലെങ്കിലും, പന്ത് സ്വന്തം കയ്യിലൊതുക്കാനുള്ള ശ്രമത്തിലാണ്, എല്ലാ നേതാക്കളും.. ഇതിനായി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നു.. ജില്ലാ പ്രസിഡന്റ് പദവികളിൽ മൂന്നോ നാലോ ജില്ലകളിലാണ് കൃഷ്ണദാസ് – എംടി രമേശ് പക്ഷത്തിന്റെ ആളുകൾ പ്രസിഡന്റായത്. ബാക്കി ജില്ലകളിൽ കെ.സുരേന്ദ്രനൊപ്പം നിൽക്കുന്നവരാണ് പ്രസിഡന്റുമാർ.

സുരേന്ദ്രന്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം നഷ്‌ടപ്പെട്ടാലും സംസ്ഥാന കമ്മിറ്റിയിൽ മേൽക്കൈ നിലനിർത്താനാണ്‌ ജില്ലാ കമ്മിറ്റികളെ കൈപ്പിടിയിലൊതുക്കിയതെന്ന്‌ ആരോപണമുണ്ട്‌. സുരേന്ദ്രനുമായി പഴയ അടുപ്പമില്ലെങ്കിലും വി മുരളീധരൻ ഇതിനെ എതിർത്തിട്ടില്ല. തിരുവനന്തപുരം സൗത്ത്‌ ജില്ലയിൽ അതായത്ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലം ഉൾപ്പെടുന്ന ജില്ല, വി മുരളീധൻ പക്ഷത്തെ നിയോഗിക്കണമെന്നാണ് ധാരണയെന്നും എതിർപക്ഷക്കാർ പറഞ്ഞിര്ുന്നു..

എന്നാൽ പാലക്കാട്‌ ബിജെപിയിലെ തമ്മിലടി മൂർച്ഛിക്കാൻ കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോടികളുടെ വെട്ടിപ്പാണ് എന്നതാണ് അടുത്ത വാദം.. ദേശീയ നേതൃത്വം മണ്ഡലത്തിലേക്ക്‌ നൽകിയതും ജില്ലാകമ്മിറ്റി സ്വന്തമായി പിരിച്ചെടുത്തതുമായ തുകയിൽ 14 കോടി വെട്ടിച്ചുവെന്നാണ്‌ ദേശീയ നേതൃത്വത്തിന്‌ ഒരുവിഭാഗം പരാതിനൽകിയത്‌. തെരഞ്ഞെടുപ്പിനുശേഷം പലതവണ കണക്ക്‌ ചോദിച്ചെങ്കിലും ജില്ല, – സംസ്ഥാന നേതൃത്വങ്ങൾ നൽകിയില്ല. ഓഡിറ്റ്‌ ചെയ്തെന്ന്‌ ജില്ലാ നേതൃത്വം അവകാശപ്പെട്ടെങ്കിലും ഒരുസമിതിയിലും റിപ്പോർട്ട്‌ സമർപ്പിച്ചില്ല. ഇതോടെ ജില്ലാകമ്മിറ്റിയും ഭാരവാഹി യോഗങ്ങളും ഭൂരിഭാഗം നേതാക്കളും ബഹിഷ്കരിക്കാൻ തുടങ്ങി.

വി മുരളീധരൻ–- സുരേന്ദ്രൻ പക്ഷത്തുള്ള ജില്ലാനേതൃത്വം മറുവിഭാഗത്തെ ഒതുക്കാൻ ശ്രമിച്ചതോടെ തർക്കം രൂക്ഷമായി. ശോഭ സുരേന്ദ്രനെ അനുകൂലിച്ച്‌ പോസ്‌റ്റിട്ട പാലക്കാട്‌ നഗരസഭാ മുൻ കൗൺസിലർ എസ്‌ പി അച്യുതാനന്ദന്റെ വീട്‌ ബിജെപിക്കാർ ആക്രമിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിന്റെ അടുത്തയാളാണ്‌, ഇതുസംബന്ധിച്ച കേസിൽ പിടിയിലായ യുവമോർച്ച പ്രവർത്തകനെന്ന്‌ അച്യുതാനന്ദൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *