ആംആദ് മി പാർട്ടിയിൽ നിന്ന് 32 എംഎൽഎ മാർ കോൺഗ്രസിലേക്ക് … ഭരണമുന്നണിയായ എ.എ.പിയിലെ മന്ത്രിമാരുൾപ്പെടെ 32 എം.എൽ.എമാർ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്വ പ്രസ്താവിച്ചു. എ.എപിയുടെ മറ്റ് എം.എൽ.എമാർ ചിലപ്പോൾ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഭഗവന്ത് മൻ സർക്കാർ തകർച്ചയുടെ വക്കിലാണെന്നുള്ള സൂചനയാണ് പ്രതാപ് സിങ് ബജ്വ നൽകുന്നത്.സർക്കാരിനെ വീഴ്ത്തുന്നതിൽ കോൺഗ്രസിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അക്കാര്യം ബി.ജെ.പി. ചെയ്തോളുമെന്നും പ്രതാപ് സിങ് ബജ്വ കൂട്ടിച്ചേർത്തു.
“വെറും എം.എൽ.എമാർ മാത്രമല്ല മന്ത്രിമാരും പ്രമുഖ നേതാക്കളും അക്കൂട്ടത്തിലുണ്ട്. പക്ഷേ ഒരു സാഹചര്യത്തിലും കോൺഗ്രസ് ഈ സർക്കാരിനെ വീഴ്ത്തില്ല. സർക്കാരിനെ ബി.ജെ.പി. താഴെയിറക്കിക്കോളും”, എന്നായിരുന്നു എൻ.ഡി.ടി.വിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബജ്വ പറഞ്ഞത്. എ.എ.പി. സർക്കാർ അഞ്ച് കൊല്ലം തികയ്ക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും തങ്ങൾ ഏതുതരത്തിലുള്ള സർക്കാരിനെയാണ് അധികാരത്തിലേറ്റിയതെന്നുള്ള കാര്യം ജനങ്ങൾ അപ്പൊഴേ തിരിച്ചറിയുകയുള്ളുവെന്നും ബജ്വ കൂട്ടിച്ചേർത്തു.എ.എ.പി. ഭരണത്തിൻകീഴിൽ വിവിധ ഹവാല ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ ഓസ്ട്രേലിയയിലേക്കും മറ്റും ഒഴുകുന്ന കാര്യത്തിൽ എ.എ.പി. നേതാക്കൾ അസന്തുഷ്ടരാണെന്നും ഈ പണം മദ്യത്തിലൂടെയും ഭൂമി ഉപയോഗത്തിലെ മാറ്റത്തിലൂടെയും സമ്പാദിച്ചതാണെന്നും ബജ്വ അവകാശപ്പെട്ടു. കൊള്ളയടി വിദഗ്ധരെ സൃഷ്ടിക്കുന്ന ഡൽഹി മോഡലിന് സമാനമാണിതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പ്രതാപ് ബജ്വയ്ക്ക് ബി.ജെ.പി. ടിക്കറ്റ് ലഭിച്ചിരിക്കുകയാണെന്നും മുതിർന്ന ബി.ജെ.പി. നേതാക്കളുമായി ബജ്വ കൂടിക്കാഴ്ച നടത്തിയതായും എ.എ.പി. തിരിച്ചടിച്ചു. ബജ്വയുടെ മേൽ രാഹുൽ ഗാന്ധിയുടെ കണ്ണ് എപ്പോഴുമുള്ളത് നല്ലതാണെന്നും എ.എ.പി. നേതാവ് നീൽ ഗാർഗ് പറഞ്ഞു. ഫെബ്രുവരി ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.എ.പി. അടപടലം വീണതോടെ ഭഗവന്ത് മൻ സർക്കാർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ഡൽഹിയ്ക്ക് പിന്നാലെ പഞ്ചാബിലും ആംആദ്മി പാർട്ടിയ്ക്ക് അടിപതറുകയാണ്..
2025 ഫെബ്രുവരി 1 ന്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം ബാക്കി നിൽക്കെയായിരുന്നു, പാർട്ടി ടിക്കറ്റ് നിഷേധിച്ച എട്ട് ആം ആദ്മി പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാർട്ടി അതിന്റെ “യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ” നിന്ന് വ്യതിചലിച്ചുവെന്നും “അഴിമതിയിൽ മുങ്ങിയിരിക്കുന്നു” എന്നും ആരോപിച്ചായിരുന്നു ഇത്. വന്ദന ഗൗർ, രോഹിത് മെഹ്റോളിയ, ഗിരീഷ് സോണി, മദൻ ലാൽ, രാജേഷ് ഋഷി, ബിഎസ് ജൂൺ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് കൂറ് മാറിയ എംഎൽഎമാർ.

 
                                            