ശശി തരൂര്‍ എം.പി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നോ? ലോക്
സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും വിമത സ്വരം ഉയർത്തുന്ന
തരൂരിന്റെ നീക്കങ്ങളെ കുറിച്ച് പല അഭ്യൂഹങ്ങളും ശക്തമാണ്.
കോണ്‍ഗ്രസിലെ ഭിന്നത തുറന്നുകാട്ടിക്കൊണ്ട് പാര്‍ട്ടി വിടുന്ന ശശി തരൂര്‍ സജീവ രാഷ്ട്രീയം വിടുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിലുളള സംസാരം. പുസ്തകം, കോളം എഴുത്ത്, പ്രഭാഷണം എന്നിവയിലേക്ക് മടങ്ങാനാണ് തരൂരിന്റെ ഉദ്ദേശമെന്നും അവര്‍ പറയുന്നുണ്ട്
എന്നാല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെങ്കിലും നയതന്ത്ര തലത്തില്‍ തരൂരിന്റെ സാന്നിധ്യം പൊതുരംഗത്തുണ്ടാകുമെന്നും സംസാരമുണ്ട്. കോണ്‍ഗ്രസ് വിടുന്ന തരൂര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെങ്കിലും ബി.ജെ.പിയുമായി സഹകരിക്കും എന്നും പറയപ്പെടുന്നു..
ഐക്യരാഷ്ട്ര സഭയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും നയതന്ത്ര രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമുളള തരൂരിനെ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അമേരിക്കയിലെ സ്ഥാനപതിയായി പരിഗണിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കാനും സാധ്യതയുണ്ടന്നാണ് ബി.ജെ.പി വൃത്തങ്ങളിലെ സംസാരം. ഈ രണ്ട് പദവികളില്‍ ഒന്ന് തരൂര്‍ സ്വീകരിക്കാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നുണ്ട്.
കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ വ്യവസായ നയത്തെ പുകഴ്ത്തിയതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും തരൂര്‍ പ്രകീര്‍ത്തിച്ചിരുന്നു. ഇത് ബി.ജെ.പിയുമായി അടുക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നുണ്ട്.. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ പ്രശംസയുമായെത്തിയത്.
തരൂരിന്റെ ഈ പ്രതികരണം മോദിക്കും ബി.ജെ.പിക്കും ഏറെ സഹായകമായി തീരുകയും ചെയ്തിരുന്നു. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ശശി തരൂര്‍ ബി.ജെ.പിയുമായി അടുക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പ്രവര്‍ത്തനം പോരെന്ന് വിമര്‍ശിക്കുകയും ചെയ്യുന്ന ശശി തരൂര്‍ കേരളത്തിലെ ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ സംശയിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ അതില്‍ പരസ്യ പ്രതികരണത്തിന് പോകാതെ ചൂണ്ടിക്കാണിച്ച് തിരുത്തല്‍ വരുത്താന്‍ പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ ശശി തരൂരിന് അധികാരാവകാശങ്ങള്‍ ഉണ്ട്
എന്നിട്ടും കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന് വരുത്തുന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്ന തരൂര്‍ ഇടതുപക്ഷത്തെ സഹായിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് ഇടത് നേതാക്കളുമായിട്ടായിരുന്നു തരൂരിന് അടുപ്പം. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുളള മത്സരത്തില്‍ ബാന്‍ കീ മൂണിനോട് പരാജയപ്പെട്ട ശേഷം ഇന്ത്യയിലെത്തിയ തരൂര്‍ കേരളത്തില്‍ ടെക്‌നോപാര്‍ക്കിലെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്നു.
ഈ ഘട്ടത്തില്‍ എം.എ.ബേബി, ഡോ.ടി.എം തോമസ് ഐസക് എന്നിവരുമായി തരൂരിന് നല്ല ബന്ധത്തില്‍ ആയിരുന്നു. ആ ഘട്ടത്തില്‍ തരൂര്‍ സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്ന് ധാരണ പരന്നിരുന്നു. എന്നാല്‍ അന്ന് ദേശിയ തലത്തില്‍ യു.പി.എ സര്‍ക്കാരിന്റെ കാലമായതിനാല്‍ കൂടുതല്‍ നല്ല അവസരം തിരഞ്ഞെടുത്ത് തരൂര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

 
                                            