കേരളത്തിൽ പുതിയ ഐടി പാർക്കൊരുക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. നിലവിൽ കൊച്ചിയിലെ കാക്കനാട്ട് സ്ഥിതിചെയ്യുന്ന സ്മാർട് സിറ്റി ടൗൺഷിപ്പ്, പദ്ധതിയുടെ ഭാഗമായി ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ ലുലുവിന്റെ കീഴിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 153 മീറ്റർ ഉയരത്തിൽ 30 നിലകളിലായി നിർമിച്ച ലുലു ഐടി ഇൻഫ്ര ബിൽഡ്, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യാധിഷ്ഠിത ഐടി മന്ദിരമാണ്. 1500 കോടി രൂപ ചെലവിട്ടാണ് ലുലു ഈ ഇരട്ട ടവർ നിർമിച്ചിരിക്കുന്നത്.
ഇപ്പോഴിതാ കേരളത്തിലേക്ക് രണ്ട് ഐടി പാർക്കുകൾ കൂടി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണശാല നിർമാണം പുരോഗമിക്കുകയാണ് എന്നും ലുലു നല്ല രീതിയിൽ തന്നെ കേരളത്തിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളവുമായി ഇനിയും സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ സംസ്‌കരണ മേഖലകളിൽ ലുലു ഗ്രൂപ്പ് ഇതിനകം മികച്ച തോതിൽ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 21ന് കൊച്ചിയിൽ ആരംഭിക്കുന്ന രണ്ട് ദിവസത്തെ കേരള അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുമെന്നും യൂസഫലി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികൾ ഇനിയും ആരംഭിക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നൽകുന്നത്.
കേരളത്തിന്റെ വികസന സാധ്യതകളും നിക്ഷേപ അവസരങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് അന്താരാഷ്ട്ര നിക്ഷേപ സംഗമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നല്ല രീതിയിൽ പ്രചരിപ്പിക്കാൻ കഴിയണം എന്നും പ്രതിപക്ഷവും ഈ സമ്മേളനത്തോട് സഹകരിക്കുന്നത് നല്ല തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും യോജിച്ചു നിന്നു കേരളത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ നിക്ഷേപകർക്കു കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഐടി പാർക്കുകളുടെ പ്രഖ്യാപനം നാളെ കൊച്ചിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിൽ ഉണ്ടായേക്കും. പുതിയ സംരംഭങ്ങളെയും വ്യവസായങ്ങളെയും ആകർഷിക്കാനും അതുവഴി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്-2025, ഫെബ്രുവരി 21, 22 ദിവസങ്ങളിലായി കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെഷൻ സെന്ററിലാണ് നടക്കുന്നത്. യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കുന്ന ഉച്ചകോടിയിൽ 26 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കരൺ അദാനിയടക്കം നിരവധി പ്രമുഖ വ്യവസായ – വാണിജ്യ സംഘടനകളും കേരളത്തിലെത്തുന്നുണ്ട്.

 
                                            