മിൽമയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാൽ വാങ്ങി എത്തിക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതു വെളിപ്പെടുത്തി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. പാൽ കൊണ്ടുവരാൻ വേണ്ടി താണ്ടിയ ദൂരം പെരുപ്പിച്ചു കാണിച്ചും ടാങ്കറിന്റെ വാടക ഉയർത്തിയുമാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഓണക്കാലത്ത് പാൽ അധികമായി വേണമെന്നത് മറയാക്കി ഇത്തരത്തിലുള്ള ക്രമക്കേട് വ്യാപകമായി നടന്നു. ഒരു ലിറ്റർ പാലിന് 9.29 രൂപയാണ് കേരളത്തിലെത്തിക്കുവാൻ ചെലവാകുന്നത്. മഹാരാഷ്ട്രയിൽ നിന്ന് പാൽ പത്തനംതിട്ടയിൽ എത്തിച്ച്. പാലുൽപന്നങ്ങൾ ആക്കി മാറ്റി വിൽക്കുമ്പോൾ 3.69 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും തിരുവനന്തപുരം മേഖല യൂണിയന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ഉല്പാദന ചെലവ് വർദ്ധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വില കൂട്ടാൻ മിൽമ ശ്രമിച്ചത്. എന്നാൽ ഇതിന്റെ ഗുണം ക്ഷീരകർഷകർക്ക് ലഭിച്ചിട്ടുമില്ല. കോടികൾ ചെലവിനത്തിൽ കാണിച്ചിട്ടുള്ളതിനാൽ ലാഭം മിൽമയിലേക്ക് എത്തിയിട്ടില്ലെന്നാണ് ഓഡിറ്റിലൂടെ അറിയാൻ കഴിയുന്നത്.
തിരുവനന്തപുരം മേഖലയിൽ 17.5 ശതമാനം വ്യാപാരം കൂടിയിട്ടും ലാഭം 8.47 ലക്ഷം രൂപ കുറഞ്ഞു. ചെലവ് 21.02% ആണ് കൂടിയത്. നമ്മുടെ നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന പാൽ സംഭരിക്കുന്നതാണ് മിൽമയ്ക്ക് ലാഭകരം. എന്നാൽ അതുണ്ടാകുന്നില്ല.
എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാൽ കൊണ്ടുവരാൻ ഗതാഗത കരാർ നൽകിയത് വഴി മിൽമയ്ക്ക് വൻ നഷ്ടമുണ്ടായി എന്നത് അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് മിൽമ തിരുവനന്തപുരം മേഖല മാനേജിംഗ് ഡയറക്ടർ ടി എസ് കോണ്ട അറിയിച്ചു മിൽമയിൽ. വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കിയതിൽ അപാകമുണ്ടെന്ന് ഓഡിറ്റർ ചൂണ്ടി കാണിച്ചത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംശയമുള്ള ബില്ലുകളിലെ തുക പരിശോധിക്കുവാൻ നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

 
                                            