പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എംഎം മണി എംഎൽഎ. നെടുങ്കണ്ടത്ത് വച്ച് എം എം മണി നടത്തിയ പ്രസംഗത്തിൽ നടത്തിയ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചില ഉദ്യോഗസ്ഥർ സർക്കാരിന് പണമുണ്ടാക്കാണെന്ന പേരിൽ അനാവശ്യ കേസുകൾ എടുക്കുന്നു എന്നതരത്തിൽ അദ്ദേഹം നടത്തിയ അതിരുവിട്ട പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസ് സമരവുമായി രംഗത്ത് വന്നിരുന്നു.
ഗാന്ധിജയന്തി ദിനത്തിൽ എംഎം മണിയുടെ നാവ് നന്നാവാൻ പ്രാർത്ഥന പ്രതിഷേധം മഹിളാ കോൺഗ്രസ് നടത്തി. കൂടാതെ ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ എംഎം മണിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.
ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണം അറിയിച്ചിരിക്കുകയാണ് എംഎൽഎ. സ്ത്രീകളെ അപമാനിക്കുവാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനായി രാഷ്ട്രീയം കളിക്കുന്ന ഉദ്യോഗസ്ഥർ സാധാരണക്കാരെ ദ്രോഹിക്കുന്നതിനെതിരെയായിരുന്നു തന്റെ പ്രസ്താവനയെന്നും എം എം മണി പറയുന്നു. ആലങ്കാരികമായാണ് പ്രയോഗം നടത്തിയത്. തന്നെയും ഒരു അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെൺമക്കളുണ്ട്.
ഇതിന്റെ പേരിൽ മഹിളാ കോൺഗ്രസ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്നും അവരുടെ ഭർത്താക്കന്മാരുടെ മനസ്സ് നേരെയാകാനാണ് അവർ പ്രാർത്ഥിക്കേണ്ടതെന്നും എംഎം മണി കൂട്ടിച്ചേർത്തു.
